എക്‌സല്‍ ഗ്ലാസസ്: ഭാവി നടപടിക്രമങ്ങളില്‍ തൊഴിലാളി സംഘടനകള്‍ക്കും അവ്യക്തത
മണ്ണഞ്ചേരി : ജില്ലയിലെ പ്രമുഖ വ്യവസായശാലയായ എക്‌സല്‍ ഗ്ലാസ്സിലെ ഭാവി നടപടിക്രമങ്ങളില്‍ തൊഴിലാളി സംഘടനകള്‍ക്കും അവ്യക്തത. നിലവിലെ സാഹചര്യങ്ങള്‍ തൊഴിലാളികളോട് വിശദികരിക്കാന്‍പോലും ഇതുമൂലം കഴിയുന്നില്ല. ഭരണപക്ഷത്തെ പ്രമുഖ സംഘടനകള്‍തന്നെ ഇപ്പോള്‍ സമരവുമായി രംഗത്തുണ്ട്. ദീര്‍ഷകാലമായി പ്രവര്‍ത്തനം നിലച്ച ഈ ഗ്ലാസ്സ് വ്യവസായശാലയ്ക്കു മുന്നില്‍ തൊഴിലാളികള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇപ്പോള്‍ പട്ടിണി സമരത്തിലാണ്. ധനമന്ത്രിയുടെ മണ്ഡലത്തിലെ തൊഴിലാളികളുടെ പട്ടിണിസമരം നാട്ടില്‍ സജീവമായ ചര്‍ച്ചയായി കഴിഞ്ഞു.ഇതോടെ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി സ്ഥാപനം തുറപ്പിക്കാന്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.
വ്യവസായമന്ത്രി എ.സി മൊയ്തീനും കമ്പനിയുടെ ഉടമ പ്രശാന്ത് സോമാനിയയും ഈ യോഗത്തില്‍ സംബന്ധിച്ചു.യോഗത്തിന് ശേഷം സ്ഥാപനം സര്‍ക്കാര്‍ എറ്റെടുക്കാന്‍ തീരുമാനിച്ചതായി ചിലര്‍ പ്രചരിപ്പിച്ചിരുന്നു. സ്ഥാപനം തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുത്തില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുത്ത ചില തൊഴിലാളി സംഘടനാനേതാക്കള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം സംഘടിപ്പിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു തൊഴിലാളി നേതൃസംഘം കുറ്റപ്പെടുത്തി.
സ്ഥാപനം തുറക്കുന്നതിനായി അനാവശ്യമായ വാദമുഖമാണ് കമ്പനി അധികൃതര്‍ മുന്നോട്ട് വച്ചതെന്നും ഇവര്‍ പറഞ്ഞു. സര്‍ക്കാരിനും സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി സോമാനിയ ഗ്രൂപ്പ് നല്‍കാനുള്ള കോടിക്കണക്കിന് രൂപ കമ്പനിയിലെ സര്‍ക്കാര്‍ ഓഹിരിയാക്കി കണക്കാക്കണമെന്നാണ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യം. കൂടാതെ സ്ഥാപനം തുറക്കാന്‍ സര്‍ക്കാര്‍ ഇനിയും വായ്പ നല്‍കണം. കുപ്പി നിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ സിലിക്കാമണല്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൂടാതെ 200 ലേറെ തൊഴിലാളികള്‍ക്ക് കമ്പനി ഇപ്പോള്‍ റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കാനുണ്ട്. ഇത് നല്‍കാനായി കമ്പനിക്കുള്ളില്‍ കെട്ടിക്കിടക്കുന്ന ഗ്ലാസ്സ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായുള്ള അനുമതി നല്‍കണമെന്നും സോമാനിയ ഗ്രൂപ്പ് മന്ത്രിതല യോഗത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ കമ്പനിക്കെതിരേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍പേര്‍ കോടതി വ്യവഹാരങ്ങള്‍ നടത്തിവരുകയാണ്.ചില കേസുകളില്‍ ഇത്തരക്കാര്‍ക്ക് അനുകൂലമായ വിധിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ കോടതി വിധി നടപ്പിലാക്കാതെ കുപ്പി കച്ചവടം നടത്തുന്നത് കോടതി അലക്ഷ്യമാകാനും വഴിയൊരുക്കും. ആറ് വര്‍ഷം മുന്‍പ് കമ്പനിയുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ആയിരത്തോളം തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. നാല്‍പ്പത് വര്‍ഷത്തോളം ഒരു പണിശാലയില്‍ ജോലി ചെയ്ത് വെറുംകൈയ്യോടെ മടങ്ങിയ തൊഴിലാളികളാണ് ഇവിടെ സമരംചെയ്യുന്നത്.
സര്‍ക്കാരിനെ കബളിപ്പിച്ച സോമാനിയ ഗ്രൂപ്പിന് ഒരുതരത്തിലുള്ള സഹായവും സര്‍ക്കാര്‍ നല്‍കില്ലെന്ന നിലപാടാണ് ധനകാര്യമന്ത്രി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതുപോലെ തന്നെ ദീര്‍ഘകാലം സ്ഥാപനം അടച്ചിട്ട കഴിഞ്ഞ തവണ കമ്പനി തുറക്കാന്‍ നിലവിലെ ധനകാര്യമന്ത്രിയാണ് മുന്‍കൈ ശ്രമം നടത്തിയത്. ഇതിനായി കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 14.5 കോടി രൂപയാണ് വായ്പ്പയിനത്തില്‍ നല്‍കിയത്. എന്നാല്‍ ഇത് വാങ്ങി സ്ഥാപനം 18 മാസം പ്രവര്‍ത്തിപ്പിച്ചിട്ടും ഈ സ്ഥാപനങ്ങള്‍ക്ക് പണം തിരിച്ചടക്കാന്‍ സ്ഥാപന ഉടമ തയ്യാറായിരുന്നില്ല. ഇത്തരം സാഹചര്യത്തിലും സോമാനിയ ഗ്രൂപ്പിന് അനുകൂല വാദമുഖവുമായി ചില തൊഴിലാളി നേതാക്കള്‍ മന്ത്രി മന്ദിരങ്ങളിലും എ.കെ.ജി സെന്ററിലും കയറിയിറങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."