ഇന്റര്‍സെപ്ടര്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണി: എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു
ആലപ്പുഴ : കടലില്‍ ഉണ്ടാകുന്ന അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലയിലെ രണ്ട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍ സെപ്ടര്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്തിക്ക് കത്തയച്ചതായി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.
ജില്ലയിലെ രണ്ട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷനുകളായ തോട്ടപ്പള്ളിക്കും അര്‍ത്തുങ്കലിനും ലഭ്യമാക്കിയിരുന്ന രണ്ട് ഇന്റര്‍സെപ്ടര്‍ ബോട്ടുകളും പ്രവര്‍ത്തന രഹിതമായിരിക്കുന്ന സാഹചര്യം അതീവ ഗുരുതരമാണ്.
കടലാക്രമണത്തിന്റെ കെടുതികള്‍ നിരന്തരം അനുഭവിച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ഇത് കനത്ത ഭിഷണിയാണ് സൃഷ്ടിക്കുന്നത്.
ഓഖി ദുരന്തത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. ഏതു അടിയന്തിര സാഹചര്യവും നേരിടാന്‍ തക്കവണ്ണം ജില്ലയിലെ രണ്ട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷനുകളെയും സജ്ജമാക്കണം.
അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ രണ്ട് ബോട്ടുകളുടെയും അറ്റകുറ്റപ്പണികള്‍ കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കി അതതു സ്റ്റേഷന് പരിധിയില്‍ തന്നെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നങ്കൂരമിടുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടതായി എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."