ഏറ്റുമാനൂരിലെ വിദേശമദ്യവില്‍പനശാല ഉപരോധം തുടരുന്നു
ഏറ്റുമാനൂര്‍ : ടൗണില്‍ നിന്നും പേരൂര്‍ റോഡില്‍ നേതാജി നഗറിലേക്ക് മാറ്റിയ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യ വില്‍പനശാലയ്ക്ക് അവിടെ പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് നഗരസഭ തീരുമാനിച്ചു. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ പുതിയ കേന്ദ്രത്തില്‍ മദ്യശാല തുറന്ന് കച്ചവടം നടത്തി. ജനവാസകേന്ദ്രത്തിലേക്ക് മദ്യശാല മാറ്റിയതിനെതിരേ ചില രാഷ്ട്രീയ പാര്‍ട്ടികളും സമീപവാസികളും സമരരംഗത്തെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി മദ്യശാല ഭാഗികമായി മാത്രമാണ് തുറക്കുന്നത്.
മദ്യശാല പ്രവര്‍ത്തിക്കാനുവദിക്കില്ലെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേര്‍ രംഗത്തെത്തി. ഏറ്റുമാനൂര്‍ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സി.മാര്‍ട്ടിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് കുമാറിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോള്‍ നഗരസഭയില്‍ നിന്നും ലഭിക്കേണ്ട ഡി ആന്‍ഡ് ഒ ലൈസന്‍സിന് കണ്‍സ്യൂമര്‍ഫെഡ് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ ലൈസന്‍സ് ലഭിക്കുവാന്‍ കാലതാമസമുണ്ടാകുമെന്നതിനാല്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ജനങ്ങള്‍ എതിരായതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടത്തില്‍ മദ്യശാലയ്ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് വ്യാഴാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്.
എന്നാല്‍ നഗരസഭാ കാര്യാലയത്തിന് സമീപമുള്ള മത്സ്യമാര്‍ക്കറ്റിന്റെ മുകളിലേക്ക് ഉപാധികളോടെ മദ്യശാല മാറ്റി സ്ഥാപിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇതിനിടെ അടുത്ത പുരയിടത്തിലൂടെ മതില്‍ ചാടികടന്ന് മദ്യം വാങ്ങാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ തടഞ്ഞു. ചിലര്‍ക്ക് മര്‍ദ്ദനവുമേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."