ഭേദഗതികളോടെ തൊടുപുഴ മുനിസിപ്പല്‍ ബജറ്റിന് അംഗീകാരം
തൊടുപുഴ: വിവിധ ഭേദഗതികളോടെ തൊടുപുഴ നഗരസഭാ ബജറ്റിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇന്നലെ രാവിലെ 10.30ന് കൗണ്‍സില്‍ ഹാളില്‍ ബജറ്റിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊണ്ടുവന്ന നിര്‍ദേശങ്ങളും ഭേദഗതികളും മുഖവിലയ്‌ക്കെടുത്താണ് അന്തിമ അംഗീകാരം നല്‍കിയത്.
മുതിര്‍ന്ന അംഗവും വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ജെസി ആന്റണിയാണ് ചറച്ചകള്‍ക്ക് തുടക്കം കുറിച്ചത്്. സി.പി.എമ്മിലെ രാജീവ് പുഷ്പാംഗദനും ആര്‍ ഹരിയുമാണ് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെങ്കിലും പൂര്‍ത്തിയാക്കുന്നതിലുള്ള കാലാവധി വ്യക്തമാക്കണമെന്ന് രാജീവ് പുഷ്പാംഗദന്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇക്കുറിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 7.90 കോടി രൂപയാണ് മുനിസിപ്പാലിറ്റിയുടെ വരുമാനം. ഇത് വര്‍ധിപ്പിക്കുന്നതിന് നടപടി വേണം. ബജറ്റില്‍ വര്‍ഷങ്ങളായി തുക അനുവദിക്കുന്ന മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം കാലാനുസൃതമായി പൂര്‍ത്തിയായിരുന്നെങ്കില്‍ തനതു വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമായിരുന്നു.
വഴിയോര കച്ചവടക്കാര്‍ക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നതില്‍ വ്യക്തതയില്ല. തൊടുപുഴയാര്‍ മലിനപ്പെടാതിരിക്കാന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണം. നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് എംപിയുടെയും എല്‍എല്‍എയുടെയും ഫണ്ടുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ബജറ്റില്‍ അനുവദിച്ച 20 ലക്ഷം രൂപ മറ്റ് പദ്ധതികള്‍ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭയ്ക്ക് തനത് ഫണ്ട് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ഹരി ആവശ്യപ്പെട്ടു. 67,38,43,850 രൂപ വരവും 63,91,46,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. 15വര്‍ഷമായി തുടര്‍ച്ചയായി വരുന്ന പല പദ്ധതികളും ഒഴിവാക്കിയെന്നും വരുമാനത്തിന് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയതെന്നും ചര്‍ച്ചകള്‍ക്ക് മറുപടിയായി അദ്ദേഹം പഞ്ഞു.
ഓടയിലൂടെ തൊടുപുഴ ആറിലേക്ക് ഒഴുക്കുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനായി മാലിന്യ നിവാരണ ജല ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ തുക 28 ലക്ഷമാക്കി ഉയര്‍ത്തി. അനുദിനം മലിനമായി കൊണ്ടണ്ടിരിക്കുന്ന തൊടുപുഴയാറിന്റെ സംരക്ഷണത്തിനായി 20 ലക്ഷം രൂപമാത്രമായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്.
തൊടുപുഴയാറിലെ കുളിക്കടവുകളുടെ നവീകരണത്തിനായി 15 ലക്ഷം രൂപയാക്കി. വെങ്ങല്ലൂര്‍, മണക്കാട്, തൊടുപുഴ ഗേള്‍സ് സ്‌കൂളുകളോടൊപ്പം ഹൈടെക് പദ്ധതിയില്‍ കാഞ്ഞരമറ്റം, ഡയറ്റ് ലാബ്, ബോയിസ് സ്‌കൂള്‍ എന്നിവയും ഉള്‍പ്പെടുത്തി. നേരത്തേ വകയിരുത്തിയ 50 ലക്ഷത്തിന്റെ കൂടെ 18 ലക്ഷം കൂടി ചേര്‍ത്ത് പദ്ധതിക്ക് 68 ലക്ഷം രൂപയാണ് ആകെ വകയിരുത്തിയിരിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ചവയില്‍ അങ്കണവാടികളുടെ സ്ഥലമെടുപ്പിന് കെട്ടിട നിര്‍മ്മാണത്തിനും 10 ലക്ഷത്തിനൊപ്പം 20 കൂടി ചേര്‍ത്ത് 30 ലക്ഷം രൂപയാക്കി ഉയര്‍ത്തി. കൂടാതെ മാര്‍ക്കറ്റ് റോഡ് - കാഞ്ഞരമറ്റം ലിങ്ക് റോഡിനായി ഒരു ലക്ഷം രൂപയും നീക്കി വച്ചു. വെങ്ങല്ലൂര്‍ സ്‌കേറ്റിങ് യാര്‍ഡിന് നാല് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
10 ലക്ഷം രൂപ ഒളമറ്റം നഴ്‌സറി സ്‌കൂളിന്റെ സ്ഥലമെടുപ്പിനും നവീകരണത്തിനായും ഒരു ലക്ഷം രൂപ വെങ്ങല്ലൂര്‍ പാര്‍ക്കിന്റെ നവീകരണത്തിനായും മാറ്റി.ണ്ടകൂടാതെ ചുങ്കം -ഉറവപ്പാറ റോഡ് നിര്‍മ്മാണത്തിനും കോലാനി ചേരി സംരക്ഷണ ഭിത്തി നിര്‍മാണത്തിനും അഞ്ച് ലക്ഷം രൂപ വീതം വകമാറ്റി. ഇത്രയും ഭേദഗതികള്‍ വരുത്തിയതിന് ശേഷമാണ് ബജറ്റിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."