ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു
തൊടുപുഴ: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനിക്കു ശമനമില്ല. ഈ മാസം ജില്ലയില്‍ അഞ്ചുപേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേര്‍ക്കു രോഗം സംശയിക്കുന്നുണ്ട്.
ഇടവെട്ടി, തൊടുപുഴ മുനിസിപ്പാലിറ്റി, അയ്യപ്പന്‍കോവില്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം ജില്ലയില്‍ എട്ടുപേര്‍ക്കു രോഗബാധ കണ്ടെത്തിയിരുന്നു. തൊടുപുഴ ഉള്‍പ്പെടെയുള്ള ലോറേഞ്ച് മേഖലകളിലാണു കൂടുതലായും ഡെങ്കിപ്പനി ഭീഷണി നിലനില്‍ക്കുന്നത്. ചിക്കന്‍പോക്‌സാണു മറ്റൊരു വില്ലന്‍. ജില്ലയില്‍ ഇന്നലെ എട്ടുപേര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ജില്ലയില്‍ 134 പേര്‍ക്കു ചിക്കന്‍പോക്‌സ് പിടിപെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വേനല്‍ക്കാലത്തു പൊതുവേ രോഗം കൂടുതലായി കണ്ടുവരാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം വണ്ടിപ്പെരിയാറില്‍ ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
പനിബാധിച്ച് ഇന്നലെ 378 പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. പനിയും അനുബന്ധ അസുഖങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള അംഗീകൃത ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പവ്രര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
ഈഡിസ് കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണു പ്രധാനം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, പൂച്ചട്ടിയില്‍ വയ്ക്കുന്ന പാത്രം, സണ്‍ഷെയ്ഡ്, ടെറസ്, ടാങ്ക് മുതലായവയില്‍ നിന്ന് ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം ഊറ്റിക്കളയുക, ജലം സംഭരിച്ചുവയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുകു കടക്കാത്തവിധം മൂടിവയ്ക്കുക, ഇതിനായി അടപ്പുകളോ, കൊതുകുവലയോ ഉപയോഗിക്കുക, ജലസംഭരണ പാത്രങ്ങളും ടാങ്കുകളും ആഴ്ചയില്‍ ഒരിക്കല്‍ കഴുകി വൃത്തിയാക്കുക, മരപ്പൊത്തുകള്‍ മണ്ണിട്ടു മൂടുക, ടയര്‍ ഡിപ്പോകളിലും വര്‍ക്‌ഷോപ്പുകളിലും സൂക്ഷിച്ചുവച്ചിട്ടുള്ള ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ്ങിനു ശേഷം ചിരട്ട കമഴ്ത്തിവയ്ക്കുക, കൊക്കോ, പൈനാപ്പിള്‍, ജാതി തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."