ഞെട്ടല്‍ വിട്ടുമാറാതെ പരശുവയ്ക്കല്‍ ഗ്രാമം; ശ്രീജിത്തിനും വിഷ്ണുവിനും നാടിന്റെ യാത്രാമൊഴി
പാറശാല: കഴിഞ്ഞദിവസം പാറശാല പരശുവയ്ക്കല്‍ ദേശീയ പാതയില്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ട പരശുവയ്ക്കല്‍ മേലെക്കോണം വലിയമാത്രയ്ക്കല് ശ്രീനിലയത്തില്‍ ശ്രീജിത്തിനും (26), പരശുവയ്ക്കല്‍ മേലെക്കോണം വലിയമാത്രയ്ക്കല് വിഷ്ണു ഭവനില്‍ വിഷ്ണുവിനും (20) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഒരു കുടുംബത്തിലെ ജേഷ്ഠന്-അനുജന്മാരുടെ മക്കളായ ശ്രീജിത്തും വിഷ്ണുവും കുഞ്ഞുനാള് മുതല്‍ ഒരുമിച്ചാണ് കളിച്ചു വളര്‍ന്നത്. എവിടെ യാത്ര പോയാലും അവര്‍ ഒരുമിച്ചായിരുന്നു. ഒടുവില്‍ അവര്‍ മരണത്തിനും ഒരുമിച്ചു കീഴടങ്ങി.
പരശുവയ്ക്കല്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുളള യാത്രാ മധ്യേ ബുധനാഴ്ച വൈകുന്നേരം പരശുവയ്ക്കല്‍ പെട്രോള്‍ പമ്പിനു സമീപം ഇവര്‍ സഞ്ചരിത്തിരുന്ന ബൈക്കില്‍ ബാലരാമപുരത്തുനിന്നും കളിയിക്കാവിളയിലേയ്ക്ക് സമാന്തര സര്‍വീസ് നടത്തിയിരുന്ന വാന്‍ ഇടിച്ചാണ് യുവാക്കള്‍ മരിച്ചത്. ഇരു കുടുംബത്തിനും നെടും തൂണായിരുന്നു ശ്രീജിത്തും വിഷ്ണുവും. ഇന്നലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ആയിരക്കണക്കിനാളുകളുടെ സാനിധ്യത്തില്‍ സംസ്കരിച്ചു. കുടുംബവീടിനു സമീപത്തായി ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരേ സ്ഥലത്താണ് സംസ്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."