തൈക്കടപ്പുറം സുനാമി കോളനി റോഡിലെ സഞ്ചാര നിഷേധം: മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി
നീലേശ്വരം: തൈക്കടപ്പുറം എ.പി റോഡ് സുനാമി കോളനിയിലെ റോഡിലൂടെ അയല്‍പ്രദേശക്കാര്‍ക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി. കോളനിയുടെ പരിസരവാസികളാണു പരാതി നല്‍കിയിരിക്കുന്നത്. കോളനിയുടെ തെക്കുഭാഗത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങള്‍ക്കാണ് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന സ്ഥിതിയുള്ളത്. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ താമസിക്കുന്നുണ്ട്. കോളനി സ്ഥാപിതമാകുന്നതിനു മുന്‍പ് ഇതിന്റെ പരിസരത്തുള്ള വഴിയിലൂടെയാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. കോളനി വന്നതോടെ രണ്ടു ലക്ഷം രൂപ ചെലവഴിച്ച് തൈക്കടപ്പുറം റോഡില്‍ നിന്നു കോളനിയിലൂടെ റോഡും നിര്‍മിച്ചു.
റോഡ് വന്നതോടെ നിലവിലുണ്ടായിരുന്ന വഴി മതില്‍ കെട്ടി അടക്കുകയും ചെയ്തു. ഇപ്പോള്‍ സുനാമി റോഡ് മാത്രമാണ് സമീപവാസികളുടെ ഏക ആശ്രയം. ഈ റോഡ് അയല്‍പ്രദേശത്തേക്കുകൂടി നീട്ടണമെന്നു സമീപവാസികള്‍ ആവശ്യമുന്നയിച്ചതോടെ കോളനിവാസികള്‍ അതിനെ എതിര്‍ക്കുകയും സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുകയും ചെയ്തുവെന്നാണു പരാതിയിലുള്ളത്. റോഡില്‍ ഇരുമ്പ് ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നതായും അതുകൊണ്ടുതന്നെ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍, നീലേശ്വരം സി.ഐ, നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം. ലത എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."