കലക്ടറുടെ പരാതിപരിഹാര വേദിയില്‍ പരാതിപ്രളയം
തിരുവനന്തപുരം: ജനങ്ങളുടെ പരാതികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടും പരിഹാരത്തിന് കാതലായ നിര്‍ദേശങ്ങള്‍ നല്‍കിയും ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചും അടിയന്തിര നടപടികളിലേക്ക് കൊണ്ടെത്തിക്കും വിധം വേറിട്ടതായി ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതിയുടെ പരാതിപരിഹാരവേദി. വര്‍ഷങ്ങളോളം ഉറങ്ങിക്കിടന്ന ഫയലുകളിലെ തങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ഉറപ്പും നടപടികളും വിശദമാക്കിയപ്പോള്‍ മിക്കവരും ആവലാതികള്‍ മറന്നു പ്രതീക്ഷയിലായി. പരാതിപരിഹാരവേദിയില്‍ 31.25 ലക്ഷം രൂപയുടെ സഹായധനവിതരണവും അര്‍ഹരായവര്‍ക്ക് ബി.പി.എല്‍ കാര്‍ഡുകളും നല്‍കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതിപരിഹാരവേദിയുടെ ജില്ലയിലെ ആദ്യഘട്ടം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ദേവസ്വം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി കെട്ടികിടക്കുന്ന പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് കലക്ടറുടെ പരാതി പരിഹാരവേദിയെന്ന് മന്ത്രി പറഞ്ഞു. നിസാരമായ വിട്ടുവീഴ്ചകളിലൂടെ പെട്ടെന്ന് പരാഹരം കാണാവുന്ന പരാതികളാണ് വര്‍ഷങ്ങളായി കെട്ടികിടക്കുന്നത്. കലക്ടറുടെ പ്രശ്‌നപരിഹാരവേദികള്‍ ഇതിനുള്ള പരിഹാരമാകണമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി പറഞ്ഞു. തിരുവനന്തപുരം താലൂക്കിലെ 31 വില്ലേജുകള്‍ കേന്ദ്രീകരിച്ചുള്ള പൊതുജനങ്ങളുടെ പരാതികളാണ് ആദ്യഘട്ടമായ ഇന്ന് സ്വീകരിച്ചത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 533 പരാതികള്‍ ലഭിച്ചു.
പരാതികളിലേറെയും ഭൂമിസംബന്ധമായതും വീടുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടതാകയാല്‍ വേദിയില്‍ വച്ച് പ്രശ്‌നപരിഹാരം സാധ്യമായിരുന്നില്ല. രണ്ടാഴ്ചക്കുള്ളില്‍ അടിയന്തിരമായി പരാതിപരിഹാരം ഉറപ്പാക്കുന്ന തരത്തില്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും പരാതിക്കാരെ അക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. റവന്യൂ, സിവില്‍ സപ്ലൈസ്, നഗരസഭ, ജലവിഭവം, ആരോഗ്യം, വിദ്യാഭ്യാസം, പഞ്ചായത്ത്, കൃഷി, സഹകരണം, മൃഗസംരക്ഷണം, കെ.എസ്.ആര്‍.ടി.സി, എംപ്‌ളോയ്‌മെന്റ്, ഭാഗ്യക്കുറി, കെ.എസ്.ഇ.ബി, വികലാംഗക്ഷേമം തുടങ്ങിയ 20ലധികം വകുപ്പുകളുടെ കൗണ്ടറുകളാണ് ഇവിടെ പ്രവര്‍ത്തിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ സബ്കലക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."