ചെറുവത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്സുകള്‍ പലതും വൃത്തിഹീനം
ചെറുവത്തൂര്‍: നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ചെറുവത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സുകളില്‍ പകര്‍ച്ചവ്യാധി ഭീഷണി. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തെ ക്വാര്‍ട്ടേഴ്സുകളാണ് വൃത്തിഹീനമായി കിടക്കുന്നത്. കാലപ്പഴക്കം കൊണ്ട് തകര്‍ന്നു വീഴാറായ കെട്ടിടങ്ങളാണ് പലതും. ഇതിന്റെ പരിസരങ്ങളില്‍ മാലിന്യം കുമിഞ്ഞു കൂടിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ കക്കൂസ് ടാങ്കുകള്‍ പൊട്ടി ഒലിക്കുന്നുമുണ്ട്. മലിന ജലം കെട്ടിനില്‍ക്കുന്നതും കാണാം.
പൊതുജനാരോഗ്യത്തിനു കടുത്ത ഭീഷണിയുയര്‍ത്തുന്ന ഇത്തരം ക്വാര്‍ട്ടേഴ്സുകളുടെ ഉടമകള്‍ക്കെതിരേ ജനരോഷം ശക്തിപ്പെടുകയാണ്. ഒറീസ, ബംഗാള്‍, ഉത്തരാഞ്ചല്‍, രാജസ്ഥാന്, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടുത്തെ മിക്ക ക്വാര്‍ട്ടേഴ്സുകളിലെയും താമസക്കാര്‍. ഇത്തരം സംസ്ഥാനങ്ങളാകട്ടെ മലമ്പനി, മന്ത്, കുഷ്ഠരോഗം, മഞ്ഞപ്പിത്തം എന്നിവ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മുന്‍പന്തിയിലുമാണ്. ഇത്തരം രോഗങ്ങളുമായി തൊഴിലാളികള്‍ എത്തുന്നുണ്ടെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു സാഹചര്യം കൂടി വന്നു ചേര്‍ന്നിരിക്കുന്നത്.
ഒരു മുറിക്ക് 1000 രൂപ വരെയാണ് ഉടമകള്‍ വാങ്ങുന്നത്. പത്തുപേര്‍ വരെ താമസിക്കുന്ന കുടുസുമുറികള്‍ ഇവിടെകാണാം. ക്വാര്‍ട്ടേഴ്സുകളില്‍ കഴിഞ്ഞ മാസം ആരോഗ്യ വകുപ്പ് നടത്തിയ രാത്രികാല രക്തപരിശോധനയില്‍ ഒരാള്‍ക്ക് മന്തുവിരബാധയുള്ളതായി കണ്ടെത്തിയിരുന്നു. ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലാണ് ഇതിന്റെ പരിസര പ്രദേശങ്ങളിലുള്ളവര്‍.
മാലിന്യ നിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നുവെങ്കിലും ഉടമകള്‍ ഇതൊന്നും ചെവിക്കൊള്ളുന്നില്ലെന്നാണ് ആരോപണം.
ഇവിടം കേന്ദ്രീകരിച്ച് പാന്‍പരാഗ്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗവും നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."