വിതുമ്പലോടെ പുന്നോല്‍ പ്രദേശം: യുവാക്കള്‍ക്ക് നാടിന്റെ യാത്രാമൊഴി
തലശ്ശേരി: അടക്കിപ്പിടിച്ച ദുഃഖം താങ്ങാനാവാതെ പുന്നോല്‍ ഗ്രാമവാസികള്‍ ബാഷ്പാഞ്ജലി അര്‍പ്പിച്ച് നാലു യുവാക്കള്‍ക്ക് വിട നല്കി. വടകര കൈനാട്ടിയില്‍ തിങ്കളാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ ജീവന്‍പൊലിഞ്ഞ നാലു യുവാക്കളുടെ മയ്യിത്തുകള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് ഇന്നലെ വൈകിട്ട് പുന്നോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
പുന്നോല്‍ കുറിച്ചിയില്‍ ഈയ്യത്തുംകാട് റെയില്‍വെ ഗേറ്റിനു സമീപം സൈനാബാഗില് ഇസ്മാഈലിന്റെയും ഫയറൂസയുടെയും മകന് മുഹമ്മദ് അനസ് (19), ഹാരിസിന്റെയും താഹിറയുടെയും മകന് പറയങ്ങാട്ട് വീട്ടില്‍ സഹീര്‍ (19), റുഫിയ മന്‍സിലില്‍ നൗഷാദിന്റെയും റുഫിയയുടെയും മകന് നിഹാല്‍ (18), സുലൈഖ മഹലില്‍ മുഹമ്മദ് തല്‍ഹത്ത് ഇഖ്ബാല്‍ (18) എന്നിവരുടെ മയ്യിത്താണ് ഇന്നലെ വൈകിട്ടോടെ ഖബറടക്കിയത്.
അനസ്, സഹീര്‍, നിഹാല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍ നിന്നും മുഹമ്മദ് തല്ത്ത് ഇഖ്ബാലിന്റെ മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കൊളജില്‍ നിന്നുമാണു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പുന്നോലിലെത്തിച്ച മയ്യിത്തുകള്‍ റെയില്‍വേ ഗേറ്റിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്, സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്, പി.വി സൈനുദീന്‍, കെ.എ ലത്തീഫ്, നഗരസഭാ ചെയര്മാന് സി.കെ രമേശന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വടകര ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. പുന്നോല്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ പന്തലില്വച്ചും പുന്നോല്‍ ജുമാമസ്ജിദില്വച്ചും മയ്യിത്ത് നിസ്കാരം നടത്തി. പാനൂര്‍ സി.ഐ വി.വി ബെന്നിയുടെ നേതൃത്വത്തില്‍ പൊലിസ് സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."