ബംഗളൂരു സ്‌ഫോടനക്കേസ്; വിചാരണ നീട്ടുന്നത് മഅ്ദനിയെന്ന് കര്‍ണാടക സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് അബ്ദുന്നാസര്‍ മഅ്ദനി തന്നെയാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും കര്‍ണാകട സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു പരാമര്‍ശം.
തനിക്കെതിരായ ഒന്‍പതു കേസുകള്‍ ഏകോപിപ്പിക്കണം, കേരളത്തില്‍ പോകാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മഅ്ദനി നല്‍കിയ സത്യവാങ്മൂലത്തിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കര്‍ണാടക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വധശിക്ഷവരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് മഅ്ദനിയുടെമേല്‍ ചുമത്തിയിരിക്കുന്നതെന്നും ശിക്ഷ ലഘൂകരിക്കാനാണ് കേസുകള്‍ ഒന്നിപ്പിക്കണമെന്നു പറയുന്നതെന്നും ജസ്റ്റിസുമാരായ എസ്. ബോഗ്‌ഡെ, അശോക്ഭൂഷന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസുകള്‍ നീളാന്‍ കാരണവും മഅ്ദനി തന്നെയാണ്. അദ്ദേഹം മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കാന്‍ എട്ടുമാസമെടുത്തു. കേസില്‍ 2,294 സാക്ഷികളുണ്ട്. ഇതില്‍ 1,504 പേരുടെ വിസ്താരം പൂര്‍ത്തിയായി. 790 പേരുടെ വിസ്താരമാണ് പൂര്‍ത്തിയാകാനുള്ളത്. ഇതില്‍ ഇടപെടലുകളുണ്ടായാല്‍ കേസ് അനന്തമായി നീളും.
മഅ്ദനി കേരളത്തില്‍ മതപരമായും രാഷ്ട്രീയമായും സ്വാധീനമുള്ള വ്യക്തിയാണ്. സാക്ഷികളില്‍ പലരും കേരളത്തിലുള്ളവരാണ്. അതിനാല്‍ അദ്ദേഹത്തെ കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്നും കേസുകള്‍ ഒന്നാക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിലാണ് മഅ്ദനി സുപ്രിം സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസുകള്‍ ഏകോപിപ്പിക്കുകയാണെങ്കില്‍ 90 സാക്ഷികളെ വിസ്തരിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ 790 സാക്ഷികളെ വിസ്തരിക്കേണ്ടി വരുമെന്നും മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."