തുരുത്തി ബൈപ്പാസ്; സമര സമിതി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി: വി.ഐ.പികളുടെ പേരുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം: സുധീരന്‍
കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ രണ്ട് അലൈന്‍മെന്റില്‍ ഇടപെട്ട് മൂന്നാമത്തെ അലൈന്‍മെന്റില്‍ സ്വാധീനം ചെലുത്തിയ വി.ഐ.പികളുടെ പേരുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനി നിവാസികളെ കുടിയൊഴിപ്പിക്കുന്ന അലൈന്‍മെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമതിയുടെ നേതൃത്വത്തില്‍ തുരുത്തി നിവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുരുത്തി ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സമരത്തിലേക്ക് വരുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോടു പ്രതികൂലിക്കാന്‍ ജനാധിപത്യത്തില്‍ കഴിയുന്ന ഭരണകൂടത്തിനു കഴിയില്ല. ഏതു വികസനപ്രവര്‍ത്തനത്തെയും അടിസ്ഥാനപ്പെടുത്തുന്നത് ജനഹിതമാണെന്നും ജനങ്ങളുടെ പരാതി കേള്‍ക്കാതെയുള്ള ഏകാതിപത്യ രീതിയാണു വികസനത്തിന് വിരുദ്ധമായി നില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
നിലവിലുള്ള ദേശീയപാത തന്നെ വീതികൂട്ടി മുന്നോട്ടുപോകാനുള്ള സാധ്യതകളുണ്ടായിട്ടും അതു മാറ്റാനുണ്ടായ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടാണു പുതിയ അലൈന്‍മെന്റിലൂടെ പ്രതിഫലിക്കുന്നത്. ഇതിനെതിരെയുള്ള തുരുത്തി കോളനി നിവാസികളുടേതു ധര്‍മ സമരമാണെന്നും സുധീരന്‍ വ്യക്തമാക്കി.
നിഷില്‍ കുമാര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ആദിവാസി നേതാവ് എം. ഗീതാനന്ദന്‍, ബാലകൃഷ്ണന്‍, അഡ്വ. സജി കെ ചേരമന്‍, സി.എസ് മുരളി, ശ്രീരാമന്‍ കൊയ്യോന്‍, സുരേഷ് കീഴാറ്റൂര്‍, കുഞ്ഞമ്പു കല്യാശ്ശേരി, പ്രസീത അഴീക്കോട് സംസാരിച്ചു. സമരത്തിനിടെ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ സമരക്കാരെ അധിക്ഷേപിച്ചെന്നാരോപിച്ച് സമരക്കാര്‍ ബസ് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."