സ്‌കൂള്‍ രേഖകളില്‍ കൃത്രിമം: മലയാളം തസ്തിക ഇല്ലാതാക്കിയെന്ന് ആരോപണം
ബദിയടുക്ക: സ്‌കൂള്‍ അധികൃതരും മേലധികാരികളും കന്നട തസ്തിക നിലനിര്‍ത്തുന്നതിന് രേഖകളില്‍ കൃത്രിമം കാട്ടി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് മലയാളം അധ്യാപികമാരുടെ നിയമനം റദ്ദായതായി ആരോപണം.
സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ പരീക്ഷ മുടങ്ങുമെന്ന ആശങ്കയുണ്ടായെങ്കിലും മറ്റു ചില അധ്യാപകരെ കൊണ്ട് പരീക്ഷ നടത്തി. എന്നാല്‍ തസ്തിക നഷ്ട്ടപ്പെട്ട അധ്യാപികമാരുടെ വാങ്ങിയ ശമ്പളം തിരികെ അടക്കാന്‍ നിര്‍ദേശം നല്‍കിയരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍. കുമ്പള ഉപജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ ബണ്‍പ്പത്തടുക്ക എസ്.ഡി.പി.എ.യു.പി സ്‌കൂളിലാണ് അധികൃതര്‍ മലയാളത്തോട് അയിത്തം പ്രഖ്യപിച്ചതെന്നാണ് ആരോപണം. ന്യുനപക്ഷ മേഖലയിലെ സ്‌കൂളുകളില്‍ മലയാള ക്ലാസുകള്‍ ആരംഭിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
തുടര്‍ന്ന് സ്‌കൂള്‍ നടത്തിപ്പുകാര്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചത് പ്രകാരം 2007 ജൂണ്‍ ഏഴിന് ടി.വി രമ്യക്ക് മലയാളം അധ്യാപികയായി ആദ്യ നിയമനം ലഭിച്ചു. 2008ല്‍ മറ്റൊരു അധ്യാപികയുടെ നിയമനം നടത്തി തസ്തിക അപ്രുവല്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും 2013 ലാണ് അംഗീകാരം ലഭിക്കുന്നത്.
ഈ കാലയളവില്‍ ചെയ്ത ജോലിക്ക് അധ്യാപികമാര്‍ ശമ്പളമില്ലാതെയാണ് ജോലി ചെയ്തത്. മലയാളം ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ബണ്‍പ്പത്തടുക്ക സ്‌കൂളില്‍ 2015 ഫെബ്രുവരി 27ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയരക്ടര്‍ സി. രാഘവന്‍ സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ മലയാളം വിഭാഗത്തില്‍ 32 കുട്ടികളും കന്നഡ വിഭാഗത്തില്‍ 29 കുട്ടികളാണെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി രേഖകളില്‍ വ്യക്തമാകുന്നു.
അതേ സമയം പിന്നിട് എ.ഇ.ഒ നടത്തിയ പരിശോധനയില്‍ സ്‌കൂളില്‍ കന്നഡ മീഡിയം നിലനിര്‍ത്തുന്നതിനായി രേഖകളില്‍ കൃത്രിമം കാട്ടി മലയാളത്തില്‍ 29 ഉം കന്നഡയില്‍ 32 വിദ്യാര്‍ഥികളുമാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം. പത്ത് വര്‍ഷം ജോലി ചെയ്ത അധ്യാപികക്ക് ലഭിച്ചതാക്കട്ടെ രണ്ടു വര്‍ഷത്തെ അടിസ്ഥാന ശമ്പളവും.
സ്‌കൂളില്‍ മലയാളം വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുണ്ടായിട്ടും കുമ്പള ഉപജില്ലാ എ.ഇ.ഒ നാലു വര്‍ഷം ലഭിച്ച ശമ്പളം തിരികെ അടക്കാനും തുടര്‍ന്ന് ദിവസകൂലി അടിസ്ഥനത്തില്‍ ജോലി ചെയ്യാനും ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ദേശിച്ചു. അതേ സമയം സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ മലയാളം ക്ലാസ് തുടരാന്‍ കഴിയില്ലെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയതായും സൂചനയുണ്ട്.
അതേ സമയം കന്നഡ മീഡിയത്തിലെ മറ്റൊരു അധ്യാപകനെ നിയമിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടെന്ന പറയുന്ന സ്‌കൂളില്‍ മറ്റൊരു നിയമനം എങ്ങിനെ നടത്തിയെന്നതാണ് ജോലി നഷ്ട്ടപ്പെട്ട രമ്യ ഉന്നയിക്കുന്ന ചോദ്യം.
സ്‌കൂള്‍ അധികൃതരുടെയും എ.ഇ.ഒ വിന്റെയും പക്ഷപാതപരമായ നിലപാടിനെതിരേ നിയമപരമായ പോരാട്ടം നടത്താനുള്ള നീക്കത്തിലാണ് രമ്യയെന്ന അധ്യാപിക.
അതേ സമയം രേഖകളില്‍ തിരുത്തല്‍ വരുത്തി മലയാളം വിഭാഗത്തില്‍ കുട്ടികളില്ലെന്ന് വരുത്തി തീര്‍ത്ത് മലയാളം ഡിവിഷന്‍ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരേ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സ്‌കൂള്‍ രക്ഷാകര്‍തൃ സംഘടന ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."