മാനസികാരോഗ്യപദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം: മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ: വയനാട് ജില്ലയിലെ മാനസികാരോഗ്യപദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2007-ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച മാനസികാരോഗ്യപദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ ചികിത്സയും മരുന്നും മുടങ്ങാതെ ലഭിക്കുമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കമ്മീഷന്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
2007 ജൂണ്‍ മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ മാനസികാരോഗ്യപദ്ധതിയുടെ ഭാഗമായി ഇംഹാന്‍സിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്ക് ക്ലിനിക്കുകളും പരിശീലനബോധവല്‍ക്കരണ പരിപാടികളും നടത്തിയിരുന്നു. 17 ക്ലിനിക്കുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 2013-2014 സാമ്പത്തികവര്‍ഷം മുതല്‍ കേന്ദ്രഫണ്ട് ലഭിക്കുന്നില്ല. എന്‍.ആര്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി തുടരുന്നത്. 33 ഇനം മരുന്നുകളില്‍ 28 ഇനം കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ചിനം മരുന്നുകള്‍ വാങ്ങാനുള്ള ഫണ്ട് നിലവിലുള്ള പദ്ധതിയില്‍ ലഭ്യമല്ല. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുന്ന് വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2007ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ വയനാട് ജില്ലയിലെ മാനസികാരോഗ്യപദ്ധതി നാലുവര്‍ഷം കഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന വ്യവസ്ഥയിലാണ് തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എന്‍. മോഹനന്‍ നല്‍കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."