സൈലേഷ് നായിക് സമിതി റിപ്പോര്‍ട്ട്: തീരദേശ പഞ്ചായത്തുകള്‍ പ്രതീക്ഷയില്‍
തൃക്കരിപ്പൂര്‍: തീരദേശത്തെ പരിപാലന നിയമത്തിലെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും മാറ്റം വരുത്തുന്ന സൈലേഷ് നായിക് റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് തീരദേശ പഞ്ചായത്തുകള്‍. തീരദേശ സംരക്ഷണ നിയമത്തില്‍ കുടുങ്ങി നിരവധി തീരദേശക്കാര്‍ നിര്‍മാണ പ്രവൃത്തിയും അറ്റകുറ്റ പ്രവൃത്തിയും നടത്താന്‍ കഴിയാതെ പ്രയാസത്തിലാണ്.
സൈലേഷ് നായിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ തീരദേശ സരക്ഷണ പരിപാലന നിയമത്തില്‍ മാറ്റം വരുത്തി പുതിയ രൂപമായ മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (എം.സി.ആര്‍.സെഡ്) എന്ന പേരില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
2011ലെ തീരദേശ പരിപാലന ചട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കുന്നതിനോ മത്സ്യ ബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനോ സാധിക്കുന്നില്ലെന്ന അവസ്ഥ ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈലേഷ് നായിക് സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
സമിതി റിപ്പോര്‍ട്ട് പൂര്‍ണമായും കേന്ദ്രം നടപ്പാക്കിയാല്‍ ജില്ലയില്‍ ഏറ്റവും ഗുണം ചെയ്യുന്ന പഞ്ചായത്ത് വലിയപറമ്പായിരിക്കും. ഭൂമി ശാസ്ത്രപരമായി നിലവിലെ ചട്ടമനുസരിച്ച് വലിയപറമ്പ് ദ്വീപില്‍ ഒരു നിര്‍മാണ പ്രവൃത്തിക്കും അനുമതി ലഭ്യമാകില്ല. 24 കിലോമീറ്റര്‍ നീളമുള്ള വലിയപറമ്പ ദ്വീപിന്റെ വീതി 20 മുതല്‍ 800 മീറ്റര്‍ വരെയാണ്.
കായലും കടലും കൈകോര്‍ക്കുന്ന വലിയപറമ്പിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. സൈലേഷ് നായിക് സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ വിജ്ഞാപനം ഏറെ പ്രതീക്ഷയോടെയാണ് വലിയപറമ്പ കാത്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികള്‍ക്കുള്ള സൗകര്യമൊരുക്കാനും ജനസാന്ദ്രതയേറിയ ഇടങ്ങളില്‍ വേലിയേറ്റ പരിധിയില്‍ നിന്ന് 50 മീറ്റര്‍ വിട്ടും മറ്റ് തീര പ്രദേശങ്ങളില്‍ 200 മീറ്റര്‍ വിട്ടും നിര്‍മാണ പ്രവര്‍ത്തനം നടത്താമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്ക് വിനോദസഞ്ചാരം, അലങ്കാര മത്സ്യ കൃഷി എന്നിവയില്‍ പങ്കാളിത്തം നല്‍കണം, നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാനും സൈലേഷ് നായിക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് അടുത്ത് തന്നെ വിജ്ഞാപനമായി പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് തീരദേശ ജനത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."