നൊമ്പരങ്ങള്‍ ബാക്കിവച്ച് അമല്‍ യാത്രയായി
പത്തനാപുരം: കാഴ്ചയും കേള്‍വിയുമില്ലാതെ, കൈകാലുകള്‍ക്ക് ചലനശേഷിയില്ലാതെ, മരണത്തിനും മീതെ നൊമ്പരക്കാഴ്ചയായി ദിനരാത്രങ്ങളെണ്ണിയ ഗാന്ധിഭവനിലെ അമല്‍ ഓര്‍മ്മയായി. എഴുകോണ്‍ ഇടയ്ക്കിടം വളായിക്കോട് കരിങ്ങാലിവിളയില്‍ ഓട്ടോഡ്രൈവറായ മോഹന്‍-അനില ദമ്പതികളുടെ മകനായ അമല്‍ ഒന്നരവയസ്സുള്ളപ്പോള്‍ സന്നി വന്നാണ് അനങ്ങാത്ത ജീവിതത്തിന്റെ ബലിയാടായി മാറിയത്. ഇരുപത്തിയൊന്നു വയസുവരെ ജീവഛവമായി ജീവിച്ച അമല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് മരിച്ചത്. 2012ല്‍ വീട്ടിലേക്കൊരു വഴിയും അമലിന് പെന്‍ഷനും അനുവദിച്ചുകിട്ടാന്‍ കാത്തിരുന്ന് നിരാശയായി മരിച്ച മാതാവ് അനിലയെപ്പറ്റിയുള്ള പത്രവാര്‍ത്തകളെ തുടര്‍ന്ന് വീട്ടിലേക്കുള്ള വഴിയും പെന്‍ഷനും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പത്രവാര്‍ത്തകള്‍ക്കൊപ്പം അന്നത്തെ കേന്ദ്രമന്ത്രിയായാരുന്ന കൊടിക്കുന്നില്‍ സുരേഷും അഭിഭാഷകനായ സബിന്‍ സത്യനും ചേര്‍ന്നാണ് 2012 ജനുവരി 9ന് അമലിന്റെ സംരക്ഷണം ഗാന്ധിഭവനെ ഏല്‍പ്പിക്കുന്നത്. ഗാന്ധിഭവനിലെ കിടപ്പുരോഗിയായിരുന്ന അമലിന് അന്നുമുതല്‍ ഭക്ഷണം വാരിക്കൊടുത്തിരുന്നതും ദിനചര്യകള്‍ക്കായി സഹായിച്ചിരുന്നതും നഴ്‌സുമാരും വോളന്റിയര്‍മാരുമായിരുന്നു. അമല്‍ ഗാന്ധിഭവനിലെ പ്രാര്‍ത്ഥനാഗീതങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."