റാലി നടത്തണോ: 19 നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് മധ്യപ്രദേശ്
ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലി നടത്താനുള്ള അനുമതിക്കായി മുന്‍പോട്ടുവച്ചത് 19 നിര്‍ദേശങ്ങള്‍. ജൂണ്‍ ആറിന് മാന്‍ഡ്‌സോറിലാണ് രാഹുലിന്റെ റാലി നടക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്ന കര്‍ഷക പ്രക്ഷോഭത്തിനു നേരെ ഇവിടെ വെടിവയ്പ്പുണ്ടാവുകയും അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മല്‍ഹര്‍ഗഢ് സബ്ഡിവിഷണല്‍ ഓഫിസറാണ് റാലിക്ക് നിബന്ധനകള്‍ തയ്യാറാക്കിയത്. റാലിയില്‍ ഡിജെ സിസ്റ്റം ഉപയോഗിക്കരുതെന്ന നിര്‍ദേശമുണ്ട്. വിവാദ പരമാര്‍ശങ്ങള്‍ പ്രസംഗങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല.
റാലിക്ക് വേണ്ടി കെട്ടേണ്ട ടെന്റിന്റെ അളവ് പോലും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ടെന്റിന് നീളം വീതി 15 അടിയില്‍ കൂടുതല്‍ പാടില്ലെന്നും നിബന്ധനയില്‍ പറഞ്ഞിട്ടുണ്ട്. മഴ പോലുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ കൈക്കൊള്ളണമെന്നു പറയുന്ന നിര്‍ദേശത്തില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കും കറണ്ട്, വെള്ളം എന്നിവക്കും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റാലി നടക്കുന്ന സ്ഥലത്ത് ഗതാഗത തടസങ്ങള്‍ സൃഷ്ടിക്കരുതെന്നും പരിപാടിക്കിടയില്‍ എന്തെങ്കിലും മോഷണം പോയാല്‍ ഉത്തരവാദിത്വം സംഘാടകര്‍ ഏറ്റെടുക്കണമെന്നും ഓഫിസര്‍ പുറപ്പെടുവിച്ച നിബന്ധനകളില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."