പുതുക്കിയ വോട്ടര്‍ പട്ടികയില്‍ തെറ്റുകളുടെ കൂമ്പാരം
പൊന്നാനി: പുതുക്കിയ വോട്ടര്‍ പട്ടികയില്‍ തെറ്റുകളുടെ നീണ്ട നിര. ഒപ്പം ബൂത്തുകളുടെ ക്രമീകരണവും പ്രയാസം സൃഷ്ടിക്കുന്നു. പൊന്നാനിയില്‍ പ്രത്യേക സംക്ഷിപ്ത പ്രകാരമുള്ള പുതിയ വോട്ടര്‍ പട്ടികയിലാണ് വലിയ തോതില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുള്ളത്. അമ്പത്തിയൊന്ന് ബൂത്തുകളാണ് നിലവില്‍ പൊന്നാനി നാരസഭാ പരിധിയിലുള്ളത്. ഇത് അമ്പത്തിനാല് ബൂത്തുകളായി വര്‍ധിപ്പിച്ചതോടെയാണ് വ്യാപകമായി തെറ്റുകള്‍ കടന്നു കൂടിയിരിക്കുന്നത്. മൂന്ന് ബൂത്തുകള്‍ മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ പട്ടികയില്‍ 58 ബൂത്തുകളാണുള്ളത്. എന്നാല്‍ 26, 27, 30, 31 ബൂത്തുകള്‍ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുമില്ല.
നേരത്തെ അതത് വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്ക് തൊട്ടടുത്ത ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിരുന്നത്. പുതുക്കിയ പട്ടിക പ്രകാരം കിലോമീറ്റുകള്‍ക്ക് അകലെയുള്ള ബൂത്തുകളിലാണ് വോട്ടിങിന് സൗകര്യമൊരുക്കിയിരിക്കുന്നത്.
വോട്ടര്‍ പട്ടിക പുതുക്കുന്ന വേളയില്‍ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളുടെ ഗുണഫലങ്ങളൊന്നും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോളില്ലെന്നാണ് ആക്ഷേപം. അലങ്കോലമായ വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ താലൂക്കാഫിസിലെത്തിയെങ്കിലും ഇലക്ഷന്‍ വിഭാഗത്തിന്റെ ചുമതലയുള്ള തഹസില്‍ദാറെ കാണാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.
വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താന്‍ കാലതാമസമെടുത്താല്‍ പ്രക്ഷോഭം നടത്തുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."