കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു; കോടികളുടെ നഷ്ടം
എടപ്പാള്‍: ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലിസ് സ്റ്റേഷനുകളിലും ഡംപിങ് യാര്‍ഡുകളിലും തുരുമ്പെടുത്ത് നശിക്കുന്നു. ഈ വാഹനങ്ങള്‍ ഇരുമ്പ് വിലക്ക് തൂക്കി വിറ്റാല്‍ പോലും 200 കോടിയിലധികം മൂല്യം വരുമെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്. ജില്ലയിലെ 29 പൊലിസ് സ്റ്റേഷനുകളിലും 12 സര്‍ക്കിള്‍ ഓഫിസുകളിലുമായി പതിനായിരക്കണക്കിന് വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഓരോ സ്റ്റേഷനിലും നൂറുകണക്കിനു വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ഒരുകോടിയോളം രൂപ വിലയുള്ള ആഡംബര കാറുകള്‍വരെ സ്റ്റേഷന്‍ പരിസരത്ത് തുരുമ്പെടുത്തു നശിക്കുന്നവയില്‍ പെടുന്നു. മണല്‍ കടത്തിന് പിടിക്കപെട്ട വാഹനങ്ങളാണ് ഇവയില്‍ കൂടുതല്‍. മറ്റു നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതും അപകടങ്ങളില്‍ പെട്ടവയുമാണ് മറ്റു വാഹനങ്ങള്‍. ഈ വാഹനങ്ങളില്‍ പലതും അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലമായി ഉപേക്ഷിക്കപെട്ടവയാണ്. അതു കൊണ്ടണ്ട് തന്നെ ഇവയെല്ലാം തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു.
പിടികൂടിയ വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ ഉടമസ്ഥര്‍ എത്താത്തതാണ് സ്ഥിതി ഇത്ര ഗൗരവമാക്കിയത്. പിടികൂടിയ വാഹനങ്ങളില്‍ ഊരിയെടുക്കാവുന്ന ഭാഗങ്ങളെല്ലാം മോഷ്ടിക്കപെട്ടു കഴിഞ്ഞു. ഇനി ഇരുമ്പ് വിലക്ക് തൂക്കി വില്‍ക്കാന്‍ മാത്രം കഴിയുന്ന അവസ്ഥയിലുള്ളവയാണ് മിക്ക വാഹനങ്ങളും. ഇങ്ങനെ കൂട്ടിയിട്ട വാഹനങ്ങള്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടണ്ട്. ഈ വാഹന കൂമ്പാരങ്ങള്‍ പാമ്പുകളുടെയും കുറുക്കന്‍മാരുടെയും തെരുവു നായ്ക്കളുടെയും കേന്ദ്രമായതോടെ നാട്ടുകാര്‍ക്ക് ഇതുവഴിയുള്ള സഞ്ചാരം അസാധ്യമാകുന്നു. ഇത്തരത്തില്‍ പിടികൂടുന്ന വാഹന ഉടമസ്ഥര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ അത്തരം വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചാല്‍ ഇത്തരത്തില്‍ കോടികളുടെ നഷ്ടം ഒഴിവാക്കാനും സര്‍ക്കാറിന് ഒരു പ്രധാന വരുമാന മാര്‍ഗ്ഗമായി ഇതിനെ മാറ്റാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."