ഇടത് പ്രവര്‍ത്തകനു വേണ്ടി എം.ജിയില്‍ നിയമന തിരിമറി
കൊച്ചി: എം.ജി സര്‍വകലാശാലയില്‍ ഇടതു സംഘടനകളുടെ തണലില്‍ നിയമന തിരിമറി. ചട്ടം മറികടന്ന് ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ(ക്ലാസ് 3) അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരപ്പെടുത്താനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.
19ന് ചേര്‍ന്ന യോഗത്തില്‍'ഔട്ട് ഓഫ് അജണ്ട'ആയാണ് വിഷയം ഉള്‍പ്പെടുത്തിയത്. 2007ല്‍ ഇത്തരം സ്ഥാനക്കയറ്റം അവസാനിപ്പിച്ച സെക്രട്ടേറിയറ്റ് തീരുമാനത്തെ മറികടന്നുള്ള തീരുമാനം ഇടത് സംഘടനാ പ്രവര്‍ത്തകനുവേണ്ടിയാണെന്നുള്ളത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
2007ലെ നിരോധനത്തിനെതിരേ ജീവനക്കാരന്‍ നല്‍കിയ ഹരജിയില്‍ നിയമനം നടത്തുന്നത് സര്‍വകലാശാലയ്ക്ക് വേണമെങ്കില്‍ പരിഗണിക്കാം എന്ന ഉത്തരവ് മാത്രമാണ് ഏപ്രില്‍ നാലിന് ഹൈക്കോടതി നല്‍കിയത്. ഇതിന്റെ മറവിലാണ് ഇത് 'ഔട്ട് ഓഫ് അജണ്ട'ആയി അവതരിപ്പിച്ചത്. തനിക്ക് അസിസ്റ്റന്റായി തസ്തികമാറ്റത്തിലൂടെ നിയമനം നല്‍കണമെന്ന ജീവനക്കാരന്റെ അപേക്ഷ മാര്‍ച്ച് 28ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്തിരുന്നു.
ഈ അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് സ്ഥാനക്കയറ്റം സംബന്ധിച്ച് 19ലെ യോഗം തീരുമാനിച്ചതും 21ന് ഉത്തരവിറക്കിയതും. കോടതിയില്‍ ഏതു രീതിയിലും വ്യാഖ്യാനിക്കാവുന്ന തരത്തില്‍ പഴുതുകള്‍ ഇട്ടുകൊണ്ടാണ് ഉത്തരവ്.
പുതിയ തീരുമാനത്തെ തുടര്‍ന്ന്, ഈ വര്‍ഷം 40 മുതല്‍ 60വരെ ക്ലറിക്കല്‍ അസിസ്റ്റന്റുമാര്‍ക്ക് അസിസ്റ്റന്റുമാരായി സ്ഥാനക്കയറ്റം ലഭിക്കും. ഫലത്തില്‍ 60ഓളം ഒഴിവുകള്‍ പി. എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് ഈ വര്‍ഷം തന്നെ നഷ്ടമാകും. 2007 മുതലുള്ള മുന്‍കാല പ്രാബല്യം ലഭിക്കുന്ന തരത്തിലാണ് സിന്‍ഡിക്കേറ്റ് തീരുമാനം.
ശേഷിക്കുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും യോഗം തീരുമാനിച്ചു. സര്‍വകലാശാലയിലെ ഇടതു സംഘടനയുടെ ഒത്താശയോടെയാണ് നിയമന തിരിമറി. എന്നാല്‍, പുതിയ തീരുമാനത്തോടെ പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അപ്രായോഗികമാണ് എന്നാണ് ജീവനക്കാരുടെ അഭിപ്രായം.
വിരമിക്കലിനെ തുടര്‍ന്നുണ്ടാകുന്ന ഒഴിവുകള്‍ അടക്കമുള്ളവ സിന്‍ഡിക്കേറ്റ് തീരുമാനത്തോടെ, നികത്തപ്പെടും. 60 പേര്‍ക്കുവരെ സ്ഥാനക്കയറ്റം ലിഭിക്കുമ്പോള്‍, പിന്നെങ്ങനെയാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒഴിവുകള്‍ ഉണ്ടാകുന്നതെന്നും തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു.
അതേസമയം, തീരുമാനം പരിശോധിക്കണം എന്നുകാട്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടന ഇന്നലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."