മധുവിന്റെ മരണം: മരണമൊഴിയിലുള്ള അഞ്ചുപേരെ പ്രതികളാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി
കൊച്ചി: അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച മധുവിന്റെ മരണമൊഴിയില്‍ പേരെടുത്തു പറയുന്ന അഞ്ചുപേരെ കേസില്‍ പ്രതികളാക്കാത്തതെന്താണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് അടിച്ചു കൊന്ന കേസില്‍ പ്രതികളായ അട്ടപ്പാടി തൊടിയില്‍ വീട്ടില്‍ ഉബൈദ്, പള്ളിശേരില്‍ രാധാകൃഷ്ണന്‍, നജീബ് തുടങ്ങിയവര്‍ നല്‍കിയ ജാമ്യ ഹരജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് സര്‍ക്കാരിനോടു നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. രഹസ്യമൊഴികളുണ്ടെങ്കില്‍ അവയും ഹാജരാക്കണം.
ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദിച്ചശേഷം പൊലിസിന് കൈമാറിയത്. മരിക്കുന്നതിന് മുന്‍പ് തന്നെ മര്‍ദിച്ചവരുടെ പേര് മധു പൊലിസിനോടു പറഞ്ഞിരുന്നെങ്കിലും പ്രതിയാക്കിയില്ലെന്ന് പ്രതികളിലൊരാളുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."