മണല്‍വാരല്‍; നഗരസഭക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൊസൈറ്റി
വടകര: മണല്‍ വിതരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡര്‍ ശരിയായ രീതിയില്‍ നടപ്പാക്കണമെന്ന് അഴിത്തല അഴിമുഖം മാന്വല്‍ ഡ്രഡ്ജിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആവശ്യപ്പെട്ടു. അടുത്ത മാസം ഒന്നുമുതല്‍ മണല്‍ വിതരണം നഗരസഭ നേരിട്ട് ചെയ്യണമെന്ന ഓര്‍ഡറില്‍ പറഞ്ഞ കാര്യത്തില്‍ നിന്ന് വിഭിന്നമായി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്താല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഴിത്തല സൊസൈറ്റി പ്രസിഡന്റ് എന്‍. അബൂബക്കറും സെക്രട്ടറി എം.ഫൈസലും വ്യക്തമാക്കി.
2013ലും 2015ലും നടന്ന മണല്‍ ഡ്രഡ്ജിങ് ലേലത്തില്‍ അഴിത്തല സൊസൈറ്റിയും പങ്കെടുത്തിരുന്നു. ടെന്‍ഡര്‍ ലഭിക്കുന്ന സൊസൈറ്റി ടെന്‍ഡര്‍ ലഭിക്കാത്ത സൊസൈറ്റിയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കണമെന്നായിരുന്നു വ്യവസ്ഥകളിലൊന്ന്. ഈ വ്യവസ്ഥകള്‍ ടെന്‍ഡര്‍ ജയിച്ച സൊസൈറ്റി പാലിക്കാത്തതിനാലും അഴിത്തല സൊസൈറ്റിയുടെ ടെന്‍ഡര്‍ അവ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിച്ചതിനാലും സൊസൈറ്റി പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഫലമില്ലാതായപ്പോള്‍ അഴിത്തല സൊസൈറ്റി പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ പുതിയ ടെന്‍ഡര്‍ ക്ഷണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെയാണ് സര്‍ക്കാര്‍ പുതിയ ഡ്രഡ്ജിങ് നയം നടപ്പാക്കാന്‍ തീരുമാനമെടുത്തത്. അഴിത്തല സൊസൈറ്റിയിലെ മുഴുവന്‍ പേരെയും നഗരസഭ അംഗീകരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നും നഗരസഭ രാഷ്ട്രീയ പരിഗണന മാറ്റിവയ്ക്കണമെന്നും അല്ലാത്ത പക്ഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും അഴിത്തല അഴിമുഖം മാന്വല്‍ ഡ്രഡ്ജിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."