വേനല്‍മഴയും കനിഞ്ഞില്ല; കബനി തേങ്ങുന്നു
പുല്‍പ്പള്ളി: കാലവര്‍ഷം ചതിക്കുകയും വേനല്‍മഴ കനിയുകയും ചെയ്യാതിരുന്നതോടെ കബനി വരണ്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ കബനി ഇത്രയും രൂക്ഷമായ നിലയില്‍ വറ്റിയിട്ടില്ലെന്ന് പ്രദേശത്തെ ആദ്യകാല കര്‍ഷകര്‍ പറയുന്നു. കബനിയില്‍ നീരൊഴുക്ക് നിലക്കുന്ന അവസ്ഥയാണിപ്പോഴും. വേനല്‍ കടുത്തതോടെ നദിയില്‍നിന്നു വെള്ളമെടുക്കലും വര്‍ധിച്ചു.
ഇതോടെ നദിയിലെ ജലനിരപ്പ് അതിവേഗം താഴുകയാണ്. കബനിയുടെ പോഷക ജലസ്രോതസുകളായ മാനന്തവാടി, പനമരം, പാപനാശിനി, കന്നാരം എന്നീപുഴകളിലും വെള്ളം കുറഞ്ഞിരിക്കുകയാണ്.
വയനാട്ടില്‍നിന്നുള്ള വെള്ളമാണ് കബനിയിലെ 98 ശതമാനവും. വയനാട്ടില്‍ മഴ കുറയുമ്പോള്‍ കബനിയിലെ ജലനിരപ്പ് താഴും. മഴ കൂടിയാല്‍ കബനി നിറയുകയും ചെയ്യും. മഴ തീരെ കുറവുള്ള കര്‍ണാടകയിലെ ഗ്രാമങ്ങള്‍ക്ക് കബനി എന്നും അനുഗ്രഹമായിരുന്നു.
കേരളാതിര്‍ത്തിയായ കൊളവള്ളി മുതല്‍ 20 കിലോമീറ്ററോളം ഇരുകരകളിലും സ്വാഭാവികവനങ്ങള്‍ വളര്‍ന്നതും കബനിയുടെ ജലസമ്പത്തുകൊണ്ടായിരുന്നു. വയനാടിന്റെ നിത്യഹരിതവനങ്ങളായിരുന്നു കബനിയുടെ ജീവന്‍.
ഇവിടെ വനങ്ങള്‍ വെട്ടിനശിപ്പിച്ച് തേക്ക്, യൂക്കാലിപ്റ്റ്‌സ്, അക്കേഷ്യ തുടങ്ങിയവ വ്യാപകമായി നട്ടുപിടിപ്പിച്ചതോടെ വനത്തിന്റെ സ്വാഭാവികത നഷ്ടമാവുകയും മഴ വയനാടിനെ വിട്ടകലുകയും ചെയ്തു. വയനാടിന്റെ ഏറ്റവും വലിയ ജലസംഭരണിയായിരുന്നു ഇവിടുത്തെ വയലുകള്‍.
ഇവിടെ കുടിയേറ്റ കര്‍ഷകര്‍ എത്തുന്നതിനു മുന്‍പ് ആദിമവാസികളായ ചെട്ടിമാര്‍ കരകൃഷിയെന്നൊന്ന് ചെയ്തിരുന്നതേയില്ല. വയലുകളില്‍ നെല്ല് കൃഷിചെയ്യും, കന്നുകാലികളെ വളര്‍ത്തും, അവയെ വനത്തില്‍ മേയുവാന്‍ വിടും ഇതായിരുന്നു ജീവിതരീതി. എന്നാല്‍ കാലം മാറിയതോടെ കരകൃഷി വ്യാപകമാവുകയും, വനങ്ങള്‍ കൃഷിയാവശ്യത്തിനായി വെട്ടിവെളുപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അവശേഷിച്ച സ്വാഭാവിക വനങ്ങള്‍ സര്‍ക്കാര്‍തന്നെ വെട്ടിമാറ്റി തേക്ക് നട്ടുപിടിപ്പിച്ചു.
വേനല്‍ക്കാലത്ത് ഇലപൊഴിയുന്ന തേക്ക് അടക്കമുള്ള മരങ്ങള്‍ ഇവിടെ വരള്‍ച്ച രൂക്ഷമാകുവാന്‍ സഹായിച്ചു. 10 വര്‍ഷം പ്രായമായ ഒരു യൂക്കാലി മരം 900 ലിറ്റര്‍ വെള്ളം ഒരു ദിവസം ഭൂമിയില്‍നിന്ന് വലിച്ചെടുത്ത് ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് തള്ളിവിടുമെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളില്‍ മഞ്ഞ് വീഴ്ചയുണ്ടായിരുന്നിടങ്ങളിലും, ചതുപ്പ് പ്രദേശങ്ങളിലും കൃഷി ചെയ്തിരുന്ന യൂക്കാലി പോലെയുളള മരങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചവരാണ് വയനാട്ടിലെ മഴയെ ആട്ടിയോടിച്ചത്. കേരളത്തില്‍ത്തന്നെ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന വയനാട്ടിലെ ലക്കിടിയടക്കമുള്ള പ്രദേശങ്ങള്‍ ഇന്ന് മഴനിഴല്‍ പ്രദേശങ്ങളായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."