ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം മുറുകി
ചെങ്ങന്നൂര്‍: നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന് നാലുനാള്‍ മാത്രം ബാക്കിനില്‍ക്കെ പരസ്യ പ്രചാരണങ്ങള്‍ സജീവമായി. ചെങ്ങന്നൂര്‍ അസംബ്ലി മണ്ഡലം രൂപം കൊണ്ടതിന് ശേഷം ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത്. ഉപതെരഞ്ഞെടുപ്പായതിനാല്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തങ്ങളുടെ മുഴുവന്‍ ശക്തിയും സമാഹരിച്ചാണ് പ്രചാരണ രംഗത്തുള്ളത്.
രാഷ്ട്രീയ പാരമ്പര്യം, ജാതി സമവാക്യങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവയെല്ലാം വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാര്‍ഥികളായ മൂവരും ചെങ്ങന്നൂര്‍ നിവാസികളാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. അതിനാല്‍ തന്നെ ഇവരുടെ പ്രവര്‍ത്തന മണ്ഡലത്തിനും രാഷ്ട്രീയ ബന്ധത്തിനുമപ്പറം മൂന്നുപേര്‍ക്കുമുള്ള ജനസ്വാധീനത്തിന്റെ തോത് ഒരുപോലെയെന്നെ പറയാനാകു. ഇടതു മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആയതിനാല്‍ തങ്ങളുടെ വിജയം ഉറപ്പിക്കേണ്ടത് ഒരു അഭിമാന പ്രശ്‌നമായാണ് സി.പി.എം കാണുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇക്കുറി ഡി. വിജയകുമാറിനെ രംഗത്തിറക്കിയത് വിജയ പ്രതീക്ഷ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്. 40 വര്‍ഷമായുള്ള അദ്ദേഹത്തിന്റെ അഭിഭാഷക വൃത്തിയും അരനൂറ്റാണ്ടു കാലത്തെ പൊതുപ്രവര്‍ത്തനവും ഡി. വിജയകുമാറിന്റെ വിജയത്തിന് ആക്കം കൂട്ടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. തന്റെ വിസമ്മതം അറിയിച്ചിട്ടും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പി.എസ് ശ്രീധരന്‍പിള്ള ഇത്തവണ മത്സരരംഗത്തെത്തിയത്.
കെ.എം മാണിയുടെ നിലപാട് യു.ഡി.എഫിന് അനുകൂലമായതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കെ.എം മാണി എത്തുമെന്നുള്ളതും യു.ഡി.എഫിന് ഏറെ ആശ്വസകരമാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ആം ആദ്മി ഉള്‍പ്പടെ 14 ഓളം സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. വിവിധ രാഷ്ട്രീയ സാമുദായിക രംഗത്തുള്ള ഇവരുടെ പെട്ടിയിലാകുന്ന വോട്ടുകളും ഇക്കുറി മണ്ഡലത്തില്‍ നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."