ഭൂഗര്‍ഭ ജലവിഭവ വകുപ്പ് അസി. എന്‍ജിനീയറെ റിമാന്റ് ചെയ്തു
കൊട്ടാരക്കര: കൈതക്കോട് അപകടവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത ഭൂഗര്‍ഭ ജലവിഭവ വകുപ്പ് കൊല്ലം അസി. എന്‍ജിനീയറെ കോടതി റിമാന്റ് ചെയ്തു.
തിരുവനന്തപുരം തിരുമല മൈത്രി നഗര്‍ മനു നിവാസില്‍ എം.ടി. മഞ്‌ജേഷിനെയാണ് കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തത് .രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. ഇതേ വകുപ്പിലെ കോട്ടയം എക്‌സി. എന്‍ജിനീയര്‍ സെല്‍വനാണ് രണ്ടാംപ്രതി. തിങ്കളാഴ്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇന്നലെ ഹാജരാകണമെന്ന വ്യവസ്ഥയില്‍ വിട്ടയച്ചിരുന്നു.
എന്നാല്‍ ഇയാള്‍ ഇന്നലെ ഹാജരായില്ല. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് എം.ടി. മഞ്‌ജേഷിനെയും സെല്‍വനെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഫയല്‍ വകുപ്പു മന്ത്രിയുടെ ഓഫീസിലാണെന്ന് ഡയറക്ടര്‍ കെ.എസ്. മധു പറഞ്ഞു. താന്‍തന്നെയാണ് അശോക് കുമാറിന്റെ പേരില്‍ കരാര്‍ ഏറ്റെടുത്ത് കുടിവെള്ള പദ്ധതി സ്ഥാപിക്കുന്ന ജോലി ചെയ്തതെന്ന് മഞ്‌ജേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കരാര്‍ രേഖകളില്‍ ഒപ്പിട്ടതുകൊണ്ടു തിരുവനന്തപുരം സ്വദേശിയായ അശോക് കുമാറിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളും ഒളിവിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2015 ഓഗസ്റ്റിലാണ് കൈതക്കോട് വേലംപൊയ്ക കുടിവെള്ള പദ്ധതി നടപ്പാക്കിയത്. 6.4 ലക്ഷം രൂപയ്ക്ക് നടപ്പാക്കിയ പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടന്നതായും പൊലിസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുള്‍പ്പടെ 15 കുടിവെള്ള പദ്ധതികളം എം.ടി മഞ്‌ജേഷിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മിച്ചതത്രെ.
ഇയാളുടെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുന്‍പും ഇയാള്‍ക്കെതിരേ ആരോപണങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് കുരീപ്പുഴയിലെ വര്‍ക്ക് ഷോപ്പ് ഡിവിഷനിലേക്ക് മാറ്റിയെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിരികെ പഴയ കസേരയില്‍ എത്തുകയായിരുന്നു. കൊല്ലത്ത് എക്‌സി. എന്‍ജിനീയറായിരുന്ന
സെല്‍വനെ കോട്ടയത്തേക്കു സ്ഥലം മാറ്റിയതും ക്രമക്കേട് സംബന്ധിച്ച് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."