സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രതിഷേധദിനമായി ആചരിക്കും: ആദിവാസി ദലിത് മുന്നേറ്റ സമിതി
കൊല്ലം: ഭൂരഹിത വിഭാഗങ്ങള്‍ നടത്തിവരുന്ന അതിജീവന സമരങ്ങളെ തകര്‍ക്കുകയും കോര്‍പ്പറേറ്റ് ശക്തികളെ സഹായിക്കുകയും ചെയ്യുന്ന നടപടികള്‍ക്ക് എതിരെ അരിപ്പ ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രതിഷേധദിനമായി ആചരിക്കുമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി നാളെ രാവിലെ 10ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂസമരം പരിഹരിക്കുന്നതിന് പ്രാഥമികമായി ശ്രമങ്ങള്‍ നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും സമരം നടത്തുന്നവര്‍ക്ക് കൃഷിഭൂമി നല്‍കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ചില നിക്ഷിപ്ത താല്പര്യക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങി ജില്ലാ കലക്ടര്‍ ആറു മാസം മുന്‍പ് സമരഭൂമിയില്‍ നെല്‍കൃഷി ചെയ്യുന്നത് നിരോധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഭൂസമരം പരിഹരിച്ച് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുക, നെല്‍കൃഷി നിരോധന ഉത്തരവ് പിന്‍വലിക്കുക, സമരഭൂമിയില്‍ കുടില്‍ക്കെട്ടി താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും കൃഷിഭൂമി നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."