ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിടാന്‍ കോണ്‍. നേതാക്കള്‍ തയാറാകണം: സി. ആര്‍ മഹേഷ്
കൊല്ലം: ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സി. ആര്‍ മഹേഷ് പറഞ്ഞു. താന്‍ കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബി. ജെ. പിയിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദമുണ്ട്. എന്നാല്‍ തല്‍ക്കാലത്തേക്ക് പാര്‍ട്ടിയില്‍നിന്ന് മാറിനില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
തന്റെ ഭാഗം വിശദീകരിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കും. രാഷ്ട്രീയ രംഗം മൊത്തത്തില്‍ മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. എന്നാല്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. താന്‍ ആര്‍.എസ്.എസ് ആണെന്ന് പ്രചാരണമുണ്ടായി. ഇതിലൂടെ ഇടതുപക്ഷക്കാര്‍ക്ക് പ്രചരിപ്പിക്കാന്‍ ഒരു ആയുധം കിട്ടുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സഹോദരന്‍മാരായിരുന്നു അപ്പോഴൊക്കെ തനിക്കൊപ്പം നിന്നത്. ദേശീയ നേതൃത്വത്തിന്റെ പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങള്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘടനകളെ തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എവിടെനിന്നോ വരുന്ന ചിലര്‍ സംഘടനയെ തെറ്റായ വഴിക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. വ്യക്തിപരമായ സ്വാധീനത്തിലൂടെ പലരും നേതൃത്വത്തിലെത്തി. കോണ്‍ഗ്രസിനോട് കൂറുള്ള ഒരു വിഭാഗത്തെ രാജ്യമെങ്ങും ഉണ്ടാക്കുക എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശ്യം. എന്നാല്‍ അത് വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹം ഇപ്പോഴും ശ്രമം തുടരുകയാണ്. തനിക്ക് പല ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായിട്ടുണ്ട്. അതാണ് രാജിയിലേക്കെത്തിച്ചത്. അതിനു പിന്നില്‍ ആരായിരുന്നു എന്ന് പറയുന്നില്ല. അന്തരീക്ഷം കൂടുതല്‍ കലുഷമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു മഹേഷ് പറഞ്ഞു. ഹൈക്കമാന്‍ഡിനെ അംഗീകരിക്കുകയും വിമര്‍ശിക്കാതിരിക്കുകയും ചെയ്യാന്‍ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പോലുള്ളവര്‍ ബാധ്യസ്ഥരാണെന്നും മഹേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."