മരച്ചില്ല വെട്ട് മുറയ്ക്ക്, കാറ്റടിച്ചാല്‍ വൈദ്യുതി പോകല്‍ പതിവും ഉപയോക്താക്കളെ വട്ടം ചുറ്റിച്ച് വൈദ്യുതി ബോര്‍ഡ്
കാട്ടാക്കട : ഉപയോക്താക്കളെ വട്ടം ചുറ്റിച്ച് കാട്ടാക്കട വൈദ്യുതി ബോര്‍ഡ്. ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ല വെട്ടാനെന്ന പേരില്‍ ലൈനുകള്‍ ഓഫ് ചെയ്ത് ആഴ്ചകളായി ഉപഭോക്താക്കളെ വിയര്‍പ്പിക്കുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞമാസം അവസാനം തുടങ്ങിയ മരച്ചില്ല വെട്ടല്‍ ഇനിയും അവസാനിച്ചില്ല. കാട്ടാക്കട, മാറനല്ലൂര്‍, ഒറ്റശേഖരമംഗലം, പൂവച്ചല്‍ സെക്ഷന്‍ പരിധിയിലാണ് ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകളാണ് വെട്ടുന്നത്.
പകല്‍ ചില്ലവെട്ടി വെടിപ്പാക്കും. വൈകിട്ട് വേനല്‍മഴയില്‍ മരക്കൊമ്പു വീണ് വൈദ്യുതിബന്ധം നിലയ്ക്കും. ഫലത്തില്‍ രാവും പകലും പല പ്രദേശത്തും വൈദ്യുതി പേരിനു മാത്രമാണ് ലഭിക്കുകയെന്നാണ് ഉപഭോക്താക്കളുടെ പരാതി. കാലവര്‍ഷത്തിനു മുന്‍പേ ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് വേനല്‍ക്കാലത്തെ അപ്രഖ്യാപിത പവര്‍കട്ടിനു കളമൊരുക്കുന്നത്. വൈദ്യുതി വിതരണം തടസപ്പെടുന്നത് ജലവിതരണത്തെയും കാര്യമായി ബാധിച്ചു.
കാളിപാറ പദ്ധതിയില്‍ പമ്പിങ് പേരിനു മാത്രമേ നടക്കുന്നുള്ളു. വൈദ്യുതി സപ്ലെ നിലയ്ക്കുമ്പോള്‍ പമ്പിങ് നിലയ്ക്കും. ദീര്‍ഘനേരം വൈദ്യുതി നിലച്ചാല്‍ പമ്പിങ് പുനരാരംഭിച്ചാലും കാര്യമായ പ്രയോജനം ലഭിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. ദിവസവും നിശ്ചിത സമയം പമ്പിങ് നടത്തിയാലെ എല്ലാ പ്രദേശത്തും ജലമെത്തിക്കാന്‍ സാധിക്കൂ.
ഉയര്‍ന്ന പ്രദേശമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജല വിതരണത്തെ കാര്യമായി ബാധിച്ചതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. മരച്ചില്ല വെട്ടുന്നതിന് ദിവസങ്ങളോളം വൈദ്യുതി ഓഫ് ചെയ്യുമ്പോള്‍ വെള്ളവും വെളിച്ചവുമില്ലാത്ത സ്ഥിതിയാണ്. ഒറ്റശേഖരമംഗലം, മാറനല്ലൂര്‍ സെക്ഷന്‍ പരിധികളിലെ പണികള്‍ക്കു വേണ്ടി ലൈന്‍ ഓഫ് ചെയ്യുമ്പോള്‍ കാട്ടാക്കട സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണവും നിലയ്ക്കും. ഇത് കാട്ടാക്കട സെക്ഷന്‍ പരിധിയിലെ ചില സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി ദുരിതമാണ് നല്‍കുക.
മഴയ്ക്കു മുന്‍പേ ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റേണ്ടതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. വേനല്‍മഴ അപ്രതീക്ഷിതമായി വന്നതാണ് പ്രശ്‌നമെന്നും രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്നുമാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. വൈദ്യുതി വിതരണരംഗത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാളിപാറ പദ്ധതിയെ ബാധിക്കാതിരിക്കാന്‍ പദ്ധതി പ്രദേശത്തേക്കു ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചു. കാട്ടാക്കട 110 കെവി സബ്‌സ്റ്റേഷനില്‍നിന്ന് പദ്ധതി പ്രദേശം വരെ കോടികള്‍ ചെലവിട്ടാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചത്.
ഇതിനായി വാട്ടര്‍ അതോറിറ്റി ബോര്‍ഡിന് കോടികള്‍ നല്‍കി. പക്ഷേ പൈപ്പിടുന്നതിനു വേണ്ടി മണ്ണുമാന്തി കൊണ്ട് റോഡില്‍ ചാലുകീറിയപ്പോള്‍ നേരത്തെ സ്ഥാപിച്ച കേബിള്‍ പല സ്ഥലത്തും പൊട്ടി. ഇതു കാരണം ഇത് ചാര്‍ജ് ചെയ്യാനായില്ല. ചാര്‍ജ് ചെയ്താലും ഇനി ഫലമില്ലാത്ത സ്ഥിതി. കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായാല്‍ വൈദ്യുതി ചോര്‍ച്ചയ്ക്കു സാധ്യതയുണ്ട്. കാളിപാറ പദ്ധതിയുടെ പമ്പിങ്ങിനു തടസമുണ്ടാകാതിരിക്കാന്‍ സ്ഥാപിച്ച കേബിളിനാണ് ഈ ദുരവസ്ഥ. പുതിയ കേബിള്‍ മാത്രമാണ് ഇനി ആശ്രയം. ഇതിനാകട്ടെ കോടികള്‍ വീണ്ടും മുടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."