ഇടിമിന്നലില്‍ വീട് തകര്‍ന്നു, ഷോക്കേറ്റ് പശുവും വളര്‍ത്തുനായയും ചത്തു
പോത്തന്‍കോട്: ചെങ്കോട്ടുകോണം ഉപുമാംവിളയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഇടിമിന്നലില്‍ വീട് തകര്‍ന്നു. തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം ഗര്‍ഭിണിയായ പശുവും വീട്ടിലെ വളര്‍ത്തുനായയും മിന്നലില്‍ നിന്നുള്ള ഷോക്കേറ്റ് ചത്തു. ചേങ്കോട്ടുകോണം സ്വാമിയാര്‍ മഠം തെങ്കര്‍ത്തല ബിന്ദുഭവനില്‍ പി.കെ ശശിധരന്‍നായരുടെ വീടാണ് ഭാഗികമായി തകര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. മിന്നലേറ്റ് വീടിന് തെക്കുഭാഗത്തുനിന്ന തെങ്ങിന്റെ ചുവട്ടിലെ മണ്ണ് ആഴത്തില്‍ കുഴിഞ്ഞു. ഒരു തീ ഗോളം വീടിനകത്ത് ഉരുണ്ടു വരുന്നതുപോലെ തോന്നിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. എല്ലാമുറികളിലും ചുവരില്‍ നിന്ന് മണ്ണ് വീണപ്പോഴാണ് വീട്ടുകാര്‍ നിലവിളിച്ച് ചാടി എഴുന്നേറ്റത്. വീടിനുള്ളിലെ വയറിങ് കത്തുന്നതായാണ് കണ്ടത്. ഈ സമയം ശശിധരന്‍ നായര്‍, ഭാര്യ ഉഷാകുമാരി, ഭാര്യാ സഹോദരന്‍ രവീന്ദ്രന്‍നായര്‍, മകന്‍ സജികുമാര്‍, മരുമകള്‍ ഗോപിക, 10 മാസം പ്രായമുള്ള അഭിനന്ദ് എന്ന ഇവരുടെ കുഞ്ഞുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
രവീന്ദ്രന്‍ നായര്‍ കിടന്ന മുറിയുടെ താഴത്തെ ചുമര്‍ വട്ടത്തില്‍ തുരന്ന് കട്ടിലോടെ വീണു. ഓടിനടിയില്‍ അടിച്ചിരുന്ന തടികൊണ്ടുള്ള തട്ടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. വീടിലെ മൂന്ന് ജനല്‍ ഗ്ലാസുകള്‍ പൊട്ടി തകര്‍ന്നു. പശു ചത്ത വിവരം പിന്നീടാണ് വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ ഒരു മാസം പ്രായമുള്ള പശുക്കുട്ടി അപകടം കൂടാതെ രക്ഷപ്പെട്ടു.
സമീപവാസികളായ അശോകന്‍ ശിവന്‍കുട്ടിനായര്‍ വീടുകള്‍ക്കും കേട്പാട് സംഭവിച്ചു. സമീപത്തെ നൂറോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലാവുകയും വ്യാപകമായി ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പോത്തന്‍കോട് പൊലിസ്, ഉളിയായ്തുറ വില്ലേജ് ഓഫിസര്‍, ശ്രീകാര്യം മൃഗാശുപത്രിയിലെ ഡോക്ടര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."