യഥാര്‍ഥ നോമ്പ് വിശപ്പും ദാഹവുമല്ല
വിശ്വാസി ഹൃദയങ്ങള്‍ ഔന്നത്യത്തിലേക്കുയരുന്ന മാസമാണിത്. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതും അതു തന്നെ. അവന്‍ പറയുന്നു: 'വിശ്വാസികളേ, മുന്‍ഗാമികള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും, തഖ്‌വയുള്ളവരാവാന്‍ വേണ്ടി നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു'. ഇരു ലോകങ്ങളിലും വിശ്വാസിയെ ഉയരങ്ങളിലേക്ക് നയിക്കുന്നതാണ് തഖ്‌വ അഥവാ ഭക്തിയുള്ളവര്‍ എന്ന പദവി. വിശ്വാസിയുടെ സ്വപ്‌നങ്ങളിലെ ഏറ്റവും ഉയര്‍ന്ന പദവിയാണത്. കാരണം ഭക്തിയുള്ളവര്‍ക്ക് അല്ലാഹുവിന്റെയടുക്കലുള്ള സ്ഥാനം മഹോന്നതമാണ്. 'അവര്‍ സര്‍വ ശക്തന്റെ സത്യസവിധത്തില്‍ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളിലാണ് ' (ഖുര്‍ആന്‍ 54: 54,55), 'അവര്‍ തങ്ങള്‍ ചെയ്ത സല്‍കര്‍മങ്ങളുടെ ഫലമായി സ്വര്‍ഗത്തോപ്പുകളില്‍ അവരുടെ രക്ഷിതാവ് നല്‍കുന്ന സൗഭാഗ്യങ്ങളാസ്വദിക്കും (ഖുര്‍ആന്‍ 51: 15), 'അവര്‍ നിര്‍ഭയമായ വാസസ്ഥലങ്ങളിലാണ്' (ഖുര്‍ആന്‍ 44: 52). അപ്പോള്‍ റമദാനിലൂടെ അല്ലാഹു നിന്നെ ഭക്തന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തുന്നുവെങ്കില്‍ നീ യഥാര്‍ഥ നോമ്പാണ് അനുഷ്ഠിച്ചതെന്നര്‍ഥം.
റമദാന്‍ മനുഷ്യനെ സംസ്‌കരിക്കാനുള്ള പാഠശാലയാണ്. നോമ്പിന്റെ ഏറ്റവും വലിയ ലക്ഷ്യം തഖ്‌വ എന്ന പദവിയിലേക്ക് ഉയരുകയാണ്, അല്ലാഹു കല്‍പ്പിച്ചിടത്ത് നീ ഉണ്ടാവുകയും വിലക്കിയിടത്ത് നീ ഇല്ലാതിരിക്കുകയുമാണ്.
മുഹമ്മദ് നബിയുടെ സമുദായം അഭിമാനിക്കേണ്ട മാസമാണിത്. അല്ലാഹു ഈ മാസം നല്‍കി അവരെ ആദരിക്കുകയായിരുന്നു. എന്താണ് റമദാന്‍ എന്ന് മുസ്‌ലിംകള്‍ ശരിയായി മനസിലാക്കിയിരുന്നെങ്കില്‍ വര്‍ഷം മുഴുവന്‍ റമദാനായിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുമായിരുന്നു!. അല്ലാഹു തന്റെ അടിമകളോട് ചേര്‍ന്നു നില്‍ക്കുന്ന മാസമാണ് റമദാന്‍, ഹൃദയങ്ങള്‍ അല്ലാഹുവിലേക്ക് അടുക്കുന്ന മാസം, അവന്റെ കല്‍പ്പനകള്‍ക്ക് എതിരാകുന്ന സകല കാര്യങ്ങളില്‍നിന്നും അടിമകള്‍ അകലം പാലിക്കുന്ന മാസം.
അത് ഉപയോഗപ്പെടുത്തുന്നതിന് നോമ്പ് യഥാര്‍ഥ നോമ്പായിരിക്കണം. ആമാശയം നോമ്പ് അനുഷ്ഠിക്കും പോലെ നാവും നോമ്പ് അനുഷ്ഠിക്കണം. അതുകൊണ്ട് അനാവശ്യം പറയാന്‍ പാടില്ല. അത് പോലെ കണ്ണുകള്‍, കൈകള്‍, കാലുകള്‍ തുടങ്ങി എല്ലാ അവയവങ്ങളും നോമ്പ് അനുഷ്ഠിക്കണം. തിരുനബി (സ്വ) പറയുന്നുണ്ട്: 'ഒരാള്‍ റമദാനില്‍ നോമ്പ് അനുഷ്ഠിക്കുകയും, അതിന്റെ അതിര്‍വരമ്പുകള്‍ കൃത്യമായി മനസിലാക്കുകയും, സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുകയും ചെയ്താല്‍ അവന്റെ അതുവരെയുള്ള പാപങ്ങള്‍ പൊറുക്കപ്പെടും'.
അന്നപാനീയങ്ങള്‍ മാത്രം ഉപേക്ഷിക്കുകയും മറ്റ് അവയവങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ആളുകളെ പ്രവാചകര്‍ ആക്ഷേപിച്ചിട്ടുണ്ട്. അവിടുന്ന് പറയുന്നു: 'അനാവശ്യ വാക്കുകളും പ്രവൃത്തികളും ഒഴിവാക്കാത്തവര്‍ പട്ടിണി കിടക്കണമെന്ന് അല്ലാഹുവിന് താല്‍പര്യമില്ല'. മറ്റൊരിക്കല്‍ പറഞ്ഞു: 'നോമ്പ് ദിനമായാല്‍ ഒരാളും ചീത്ത വാക്കുകള്‍ പറയരുത്, ദേഷ്യപ്പെടുകയും അരുത് '.
ഒരാള്‍ എന്നോട് പറഞ്ഞു: 'മുപ്പത് വര്‍ഷമായി ഞാന്‍ മുസ്‌ലിംകള്‍ നോമ്പ് അനുഷ്ഠിക്കുന്നത് കാണുന്നു. പക്ഷേ അവരുടെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതമെങ്കിലും അവര്‍ സ്വഭാവം നന്നാക്കിയിരുന്നെങ്കില്‍ കേവലം ഇരുപത് കൊല്ലം കൊണ്ട് അത് ഏറ്റവും മികച്ചതായി തീരുമായിരുന്നു'.
ഖേദകരമാണ് നമ്മുടെ അവസ്ഥ. ആമാശയങ്ങള്‍ നോമ്പ് അനുഷ്ഠിക്കുന്നു. എന്നാല്‍ ഹൃദയം നോമ്പെടുക്കുന്നില്ല. നിഷിദ്ധമായത് കാണുന്ന കാര്യത്തില്‍ കണ്ണിന് നോമ്പില്ല, സഹോദരനെ ബുദ്ധിമുട്ടിക്കുന്നതില്‍ നാവിന് നോമ്പില്ല. ഇത്തരം നോമ്പുകാര്‍ക്ക് റമദാന്‍ ഉപകാരപ്പെടുന്നുണ്ടോ. എവിടെയാണ് സഹോദരാ നമ്മുടെ നോമ്പ് ?!
പ്രവാചക പത്‌നി ആഇശയും ഇമാം ഔസാഇ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരും പരദൂഷണം പറഞ്ഞാല്‍ നോമ്പ് മുറിയും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത് ഒരാള്‍ നോമ്പുകാലത്ത് പരദൂഷണം പറഞ്ഞാല്‍ അന്നത്തെ നോമ്പ് അയാള്‍ മറ്റൊരിക്കല്‍ വീണ്ടും അനുഷ്ഠിക്കണം എന്നാണ് അവര്‍ പറയുന്നത്.
പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥന ഇങ്ങനെയാണ്: 'അല്ലാഹുവേ, നോമ്പ് നോല്‍ക്കാനും, നിസ്‌കരിക്കാനും, കണ്ണിമകള്‍ താഴ്ത്താനും, നാവിനെ സൂക്ഷിക്കാനും ഞങ്ങളെ നീ സഹായിക്കേണമേ'. കണ്ണടക്കല്‍ കണ്ണിന്റെ നോമ്പാണ്, നാവിനെ സൂക്ഷിക്കല്‍ അതിന്റെ നോമ്പാണ്. പ്രിയ സഹോദരാ, ചോദ്യം ഇതാണ്: നിന്റെ കണ്ണും നാവും നോമ്പെടുത്തിട്ടുണ്ടോ?. അങ്ങനെ നോമ്പെടുക്കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ.
(സിറിയന്‍ ഇസ്‌ലാമിക് കൗണ്‍സില്‍ സെക്രട്ടറിയും ഡമസ്‌കസ് ശാഫിഈ മസ്ജിദ് ഖത്വീബുമാണ് ലേഖകന്‍)
മൊഴിമാറ്റം: അഷ്‌റഫ് വാഫി വാളാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."