നാലാംനാള്‍ പ്രതികള്‍ പിടിയില്‍; പൊലിസിനും സര്‍ക്കാരിനും ആശ്വാസം
കാസര്‍കോട്: മദ്‌റസാ അധ്യാപകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ നാലുദിവസത്തിനകം പിടികൂടാനായത് പൊലിസിനും സര്‍ക്കാരിനും ആശ്വാസമായി. നാടിനെ നടുക്കിയ അരുംകൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതിയെ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടാനായത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ അധ്യാപകന്‍ കര്‍ണാടക മടിക്കേരി കൊട്ടുമുടി ആസാദ് നഗര്‍ തെക്കിപ്പള്ളി വീട്ടില്‍ കെ.എസ് മുഹമ്മദ് റിയാസ് കൊല്ലപ്പെടുന്നത്. പൊലിസ് പ്രാഥമിക അന്വേഷണം തുടങ്ങുന്നത് 21നു രാവിലെ ഏഴോടെ. കൊല്ലപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും മറ്റും പരിശോധന നടത്തിയ ശേഷമാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നത്. 22ന് ഉച്ചയോടെ അന്വേഷണം തുടങ്ങിയ പ്രത്യേക സംഘം 48 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റു ചെയ്തു.
കേസിലെ പ്രധാനപ്രതി കാസര്‍കോട് കേളുഗുഡെ അയ്യപ്പ നഗറിലെ അപ്പു എന്ന അജേഷ് (19), എസ്. നിതിന്‍ റാവു (19), സണ്ണ കുഡ്‌ലുവിലെ എന്‍. അഖിലേഷ് (24) എന്നിവരെ നിയമത്തിനു മുന്നിലെത്തിച്ചപ്പോള്‍ വന്‍ സമ്മര്‍ദത്തില്‍ നിന്നാണ് പൊലിസ് രക്ഷനേടിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ മാനന്തവാടി ജോയിന്റ് എസ്. പി ജി. ജയദേവ്, മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ നായര്‍, കാസര്‍കോട് കോസ്റ്റല്‍ സി.ഐ പി.കെ സുധാകരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഐ.ജി മഹിപാല്‍ യാദവ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചു. ഇവരെ കൂടാതെ കാസര്‍കോട് ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ്, കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അസൈനാര്‍, സി.ഐമാരായ സി.എ അബ്ദുല്‍ റഹീം (കാസര്‍കോട് ടൗണ്‍), ബാബു പെരിങ്ങേത്ത് (വിദ്യാനഗര്‍) എന്നിവരും അന്വേഷണത്തെ സഹായിച്ചു.
പ്രത്യേകസംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. കാസര്‍കോട്ടെ കൊലക്കേസിലടക്കം പ്രതിയായ യുവാവിനെ ചുറ്റിപ്പറ്റിയായിരുന്നു പ്രാഥമിക അന്വേഷണം. എന്നാല്‍ ഇയാളെ തലങ്ങും വിലങ്ങും ചോദ്യംചെയ്തപ്പോള്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു മനസിലായി. പിന്നീട് പ്രദേശത്ത് ഷട്ടില്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളെ കേന്ദ്രീകരിച്ചും നാട്ടില്‍ നിന്നു വിട്ടുനില്‍ക്കുന്നവരെയും കുറിച്ചായി അന്വേഷണം. കൊലയ്ക്കുശേഷം വീട്ടില്‍ പോകാതിരുന്ന മുഖ്യപ്രതി അജേഷിനെയും നിതിന്‍ റാവുവിനെയും ചുറ്റിപറ്റിയാണു പൊലിസ് പിന്നീട് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
അജേഷും നിതിന്‍ റാവുവും കൂലിപ്പണിക്കാരാണ്. സ്വകാര്യ ഏജന്‍സിയിലെ കളക്ഷന്‍ ഏജന്റാണ് അഖിലേഷ്. കൊലയ്ക്കു ശേഷവും അഖിലേഷ് ജോലിക്കു പോയിരുന്നു. എന്നാല്‍ അജേഷും നിതിന്‍ റാവുവും മുങ്ങിയതാണ് അന്വേഷണത്തിനു പിടിവള്ളിയായത്. അഖിലേഷിനെ 23ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തതോടെയാണ് ഒളിയിടത്തില്‍ നിന്ന് മറ്റുരണ്ടുപേരെയും പിടികൂടിയത്. മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഷട്ടില്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ തിരച്ചിലാണു പ്രതികള്‍ വീട്ടിലെത്തിയിട്ടില്ലെന്നു പൊലിസിന് മനസിലായത്.
കാസര്‍കോട് വലിയ കലാപത്തിനടക്കം വഴിവയ്ക്കുമായിരുന്ന കൊലക്കേസ് വളരെ കരുതലോടെയാണു പ്രത്യേക സംഘം അന്വേഷിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതികളെ പിടികൂടിയപ്പോള്‍ തന്നെ കണ്ടെത്താനായതും പൊലിസിന്റെ അന്വേഷണ മികവായി. അതേസമയം, പിടിയിലായവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവയ്ക്കുന്നുണ്ട്. സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ചും പൊലിസിന് കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."