ബാലനടിയെ പീഡിപ്പിച്ച കേസ്: മൂന്നുപേര്‍ക്കായി തിരച്ചില്‍
കൊല്ലം: ബാലനടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് പേര്‍ക്കായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു. പീഡനത്തിന് ഒത്താശ ചെയ്ത യുവതികളില്‍ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃപ്പുണ്ണിത്തറ ബ്ലാക്ക് മെയില്‍ കേസിലെ പിടികിട്ടാപ്പുള്ളിയായ രേഷ്മയെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം മുണ്ടയ്ക്കലിലാണ് ബാലനടി ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരേ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ കുളപ്പാടം പുളിവിള വീട്ടില്‍ അബുദുള്‍ സലാമിന്റെ മകന്‍ ഫൈസലിനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് പുറമെയാണ് ഇവന്റ്മാനെജ്‌മെന്റ് സ്ഥാപനം നടത്തുന്ന രണ്ട് യുവതികളെക്കൂടി പ്രതി ചേര്‍ത്തത്. ഇവരുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ബ്ലാക്ക്‌മെയില്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി രേഷ്മയെ തൃപ്പുണ്ണിത്തറ പൊലിസിന് കൈമാറി. തൃപ്പുണ്ണിത്തറ കേസിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം കൊല്ലം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ യുവതിയെ കൊല്ലം പൊലിസിന് കൈമാറും. മറ്റ് മൂന്ന് പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു. കൊല്ലത്ത് നടന്ന ഒരു പിറന്നാളാഘോഷത്തിനിടെ ഒരു വീട്ടില്‍വച്ച് തന്നെ കൂട്ട ബലാത്സംഗത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് തന്നെ ഇവര്‍ ബന്ധപ്പെടുന്നതെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.കൊല്ലം നഗരത്തിലെ വ്യവസായ പ്രമുഖരുടെ മക്കളാണ് പീഡിപ്പിച്ചതെന്ന വിവരം പുറത്തുവന്നതോടെ കേസ് ഒത്തുതീര്‍ക്കാന്‍ വനിത സെല്‍ സി.ഐ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണമുണ്ടാകും. ഇതിനിടെ കേസ് പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."