ചെല്ലാനം മേഖലയിലെ കുടിവെള്ള വിതരണം ഊര്‍ജിതമാക്കണമെന്ന് കലക്ടര്‍
കാക്കനാട്: ചെല്ലാനം മേഖലയിലെ കുടിവെള്ള വിതരണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വാട്ടര്‍ അതോറിറ്റി, ചെല്ലാനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. പ്രാരംഭഘട്ടത്തില്‍, തെരഞ്ഞെടുത്ത 49 പോയന്റുകളില്‍ പൊതു ടാപ്പുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്ത് ടാങ്കര്‍ ലോറിയില്‍ കുടവെള്ള വിതരണം നടത്തുന്നതിന് പ്രതിമാസം 10 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ടാങ്കര്‍ വഴിയുള്ള ജലവിതരണം ജൂണ്‍ പത്തോടെ പൂര്‍ണ്ണമായും നിര്‍ത്താനും കലക്ടര്‍ നിര്‍ദേശം നല്കി. പൊതു ടാപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് മെയ് ഇരുപത്താറോടെ വാട്ടര്‍ അതോറിറ്റി പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറണം. സൗത്ത് ചെല്ലാനം മേഖലയിലെ 40 ടാങ്കര്‍ പോയന്റുകള്‍ നിര്‍ത്തലാക്കാന്‍ ജന്റം പദ്ധതിയിലുള്‍പ്പെടുത്തി 27 കി.മീ. പൈപ്പ് ലൈന്‍ സ്ഥാപിച്ചെങ്കിലും മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കളും കണക്ഷനെടുക്കാത്തതിനാല് ടാങ്കര്‍ പോടന്റുകള് നിര്‍ത്താനായില്ല.
ഗാര്‍ഹിക കണക്ഷന് അപേക്ഷിച്ച മുഴുവന്‍ പേരും ഉടനടി കണക്ഷന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഗാര്‍ഹിക കണക്ഷന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൊതുടാപ്പുകള്‍ ഒഴിവാക്കും. ഗാര്‍ഹിക കണക്ഷനുണ്ടായിരിക്കെ പൊതു ടാപ്പില്‍നിന്നും അനധികൃതമായി വെള്ളമെടുക്കുന്നവര്ക്കെതിരെയും മോട്ടോര്‍ ഉപയോഗിച്ച് പൊതുടാപ്പില്‍നിന്ന് വെള്ളമെടുക്കുന്നവര്ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്കി.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെസി ജോസ്, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസ്, വൈസ് പ്രസിഡന്റ് കെ.ഡി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."