കീച്ചേരിപ്പടിയില്‍ റോഡരികിലെ സ്ലാബുകള്‍ തകര്‍ന്ന് അപകടം പതിവാകുന്നു
മൂവാറ്റുപുഴ: കീച്ചേരിപടിയില്‍ റോഡരികിലെ സ്ലാബുകളില്‍ ഭാരവണ്ടികള്‍ കയറി തകര്‍ന്ന് കാനയിലേക്ക് വീണ് കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.
നിരവധി കാല് നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും നിത്യേനകാനയില് വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് കുടിവെള്ളപൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഈ ഭാഗത്തെ റോഡ് വെട്ടിപ്പൊളിച്ച് രൂപപ്പെട്ട കുഴികള്‍ അധികൃതര്‍ റോഡില്‍ കട്ടവിരിച്ച് സഞ്ചാര യോഗ്യമാക്കിയിരുന്നു.
ഈ ഭാഗത്തെ റോഡിലെ സ്ലാബുകളാണ് വാഹനങ്ങള്‍ കയറി ഇടിഞ്ഞ് പൊളിഞ്ഞ് കാനയിലേക്ക് വീണ് കിടക്കുന്നത്. സ്ലാബ് പൊളിഞ്ഞതിനോടൊപ്പം റോഡില്‍ വിരിച്ച കട്ടകളുംപൊളിഞ്ഞ് കാനയിലേക്ക് വീണിരിക്കുകയാണ്.
അടിയന്തിരമായി റോഡില്‍ കട്ടവിരിക്കുകയും, പുതിയ സ്ലാബുകള്‍ നിരത്തുകയും ചെയ്ത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടരഹിതമായി സഞ്ചാരമൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."