മോദി പിന്തുടരുന്നത് മുസോളനിയുടെ ഫാസിസ്റ്റ് നയങ്ങള്‍: വി.ടി ബല്‍റാം
കട്ടപ്പന: മുസോളനിയുടെ ഫാസിസ്റ്റ് നയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി. ജെ. പിയും പിന്തുടരുന്നതെന്ന് വി. ടി ബല്‍റാം എം. എല്‍. എ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം പൊതുസമ്മേളനം നഗരസഭാ മിനി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും ഫാസിസവുമാണ് മോദിയുടെ നയം. ബി. ജെ. പി ഇതര പാര്‍ട്ടി നേതാക്കളില്‍ പ്രകാശ് കാരാട്ട് മാത്രമാണ് മോദി ഫാസിസ്റ്റ് ആണെന്ന് അംഗീകരിക്കാത്തത്. സി. പി. എം വച്ചുപുലര്‍ത്തുന്ന ഫാസിസ ചിന്താഗതിക്കുദാഹരണമാണ് ഈ നിലപാടെന്നും ബല്‍റാം പറഞ്ഞു. 40 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്നു വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ മോദിയുടെ സര്‍ക്കാര്‍ ഇപ്പോള്‍ ഈ തുകയ്ക്ക് അര ലിറ്ററില്‍ താഴെ മാത്രമാണ് നല്‍കുന്നത്.
കോണ്‍ഗ്രസിനെ ഒഴിവാക്കി ബി. ജെ. പിയെ ചെറുക്കാമെന്ന വ്യര്‍ഥമോഹമാണ് സി. പി. എം ഇപ്പോഴും വച്ചുപുലര്‍ത്തുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ. ഡി. എസ് സംഖ്യം രാഷ്ട്രത്തിന് നല്‍കുന്നത് മഹത്തായ സന്ദേശമാണ്. ജനദ്രോഹ നിലപാടുകള്‍ സ്വീകരിക്കുന്ന ബി. ജെ. പിയെ അധികാരത്തില്‍നിന്നകറ്റി നിര്‍ത്താന്‍ ജെ. ഡി. എസിന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഉജ്വലവും മഹത്തരവും മതേതര, ജനാധിപത്യ സംരക്ഷണത്തിന് ഉറച്ച ശക്തി പകരുന്നതുമാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍നിന്നു പുറത്തു ചാടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ വിശാല കക്ഷിനിരയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ. എസ് സജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ബിജോ മാണി, ഡി. സി. സി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ജനറല്‍ സെക്രട്ടറിമാരായ ടി. എസ് ബേബി, അഡ്വ. എം. എന്‍ ഗോപി, അഡ്വ. അരുണ്‍ പൊടിപാറ, എം. ഡി അര്‍ജുനന്‍, ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, ജോണി ചീരാംകുന്നേല്‍, എ. പി ഉസ്മാന്‍, കെ. എം ജലാലുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."