ഭൗതികവാദികളുടെ പരാജയം ഫാസിസത്തെ വളര്‍ത്തി: സച്ചിദാനന്ദന്‍
തൃശൂര്‍: ബഹുഭൂരിപക്ഷവും വിശ്വാസികളായിരിക്കുന്ന ഭാരതത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഇന്ത്യയിലെ ഭൗതികവാദികള്‍ പരാജയപ്പെട്ടതാണ് ഫാസിസത്തിന്റെ വികാസത്തിനു കാരണമായതെന്ന് കവി കെ.സച്ചിദാനന്ദന്‍. സാഹിത്യ അക്കാദമി ഹാളില്‍ ബിഷപ്പ് ഡോ. പൗലോസ് മാര്‍ പൗലോസ് അനുസ്മരണസമ്മേളനത്തില്‍ മതനിരപേക്ഷത നേരിടുന്ന പ്രതിസന്ധി: സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതവിശ്വാസത്തേയും മതനിരപേക്ഷതയെയും നോക്കിക്കാണേണ്ടത് കേവല യുക്തിവാദത്തിന്റെ അടിസ്ഥാനത്തിലല്ല.
90 ശതമാനവും ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തിന്റെ ഭാഗമായ ബഹുഭാരതത്തിന്റെ സവിശേഷതകളെ കാണാതെ പോകുന്നതുകൊണ്ടാണ് ഇന്ന് മതനിരപേക്ഷതയെക്കുറിച്ച് ആശങ്കകളുയരുന്ന സാഹചര്യമുണ്ടായത്. നാലു പതിറ്റാണ്ടായി ഞങ്ങളെപ്പോലുള്ളവര്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു രാഷ്ട്രീയക്കാരും അത് ശ്രദ്ധിച്ചില്ല. മതനിരാസമാണ് മതനിരപേക്ഷതയെന്നത് കേവല യുക്തിവാദമാണ്.
മതവിശ്വാസത്തെ അന്ധവിശ്വാസമെന്നു ആക്ഷേപിച്ചതിനാല്‍ സംവാദാത്മകതയുടെ ജനവാതിലാണ് അടച്ചത്. വിശ്വാസത്തെ ചരിത്രത്തില്‍ നിന്നും അടര്‍ത്തി മാറ്റി അമൂര്‍ത്തമാക്കുന്നതാണ് അതിന്റെ പ്രധാന ദൗര്‍ബല്യം. അംബേദ്കര്‍ ചൂണ്ടിക്കാട്ടിയത് നമുക്ക് ഒരു മതം വേണമെന്നാണ്. അതുപക്ഷേ, തുല്യതയുടെ, നന്മകളുള്ള മതമാണ്. പ്രത്യാശയുള്ളവര്‍ക്കാണ് അതു വേണ്ടത്. ദാരിദ്ര്യം, പരിസ്ഥിതി, ലിംഗസമത്വം തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്ന മനുഷ്യകേന്ദ്രിതമായ ചിന്തയെയാണ് അദ്ദേഹം വിഭാവനം ചെയ്തത്. മാര്‍ക്‌സിസത്തിന്റെ നൈതികത മനസിലാക്കാത്തതിനാല്‍ അത് ഏകാധിപതികളെ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും അധീശത്വത്തിന്റെ പ്രത്യയശാസ്ത്രമാണ് പ്രവഹിപ്പിക്കുന്നത്. അതിനെ ബ്രാഹ്മണ്യം എന്നാണ് വിശേഷിപ്പിക്കുക. ജ്ഞാനത്തെ കുത്തകയാക്കി ഇന്നും അധികാരത്തിലിരിക്കാന്‍ സവര്‍ണര്‍ക്കാവുന്നതും അതുകൊണ്ടാണ്. എന്നാല്‍ വേദേതിഹാസങ്ങളുടെ ഈ അധീശത്വത്തെ നിരാകരിച്ചത് ശ്രമണപാരമ്പര്യമാണ്. ആചാരങ്ങളെയും അസമത്വത്തെയും അംഗീകരിക്കാതിതിരുന്ന ഈ ബുദ്ധപാരമ്പര്യവും മതനിഷ്ഠതയ്‌ക്കെതിരായിരുന്നു.
ഇന്നത്തെ ഹിന്ദുത്വവാദികള്‍ പഴയ സവര്‍ണ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി നവബ്രാഹ്മണ്യമായി മാറിയിരിക്കുകയാണ്. പണ്ട് രാജാക്കന്മാരുമായി ബന്ധുത്വമുണ്ടാക്കിയതുപോലെ ഇപ്പോള്‍ മുതലാളിത്തവുമായിട്ടാണ് അത് കൂട്ടുകൂടുന്നത്. അതോടെ ഹിന്ദുത്വമെന്നത് സങ്കുചിതത്വമാവുകയും വിദേശിയെന്ന സങ്കല്‍പം ഉയര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ദേശീയതയ്ക്ക് ഏതെങ്കിലും മതത്തിനു ബന്ധമില്ലെന്നതാണ് നേര്. ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് മതനിരപേക്ഷവാദികള്‍ക്കു മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഡോ. പൗലോസ് മാര്‍ പൗലോസ് ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായി. ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണപ്രഭാഷണം നടത്തി. ഡോ. യൂഹന്നാന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്ത, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."