പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് പൂര്‍ണമായും കത്തി നശിച്ചു
കൊടുങ്ങല്ലൂര്‍: എടവിലങ്ങ് ഗ്രാമപഞ്ചായത്തിന്റെ കാരയിലുള്ള പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് പൂര്‍ണമായും കത്തിനശിച്ചു. കഴിഞ്ഞ ആറ് മാസത്തോളമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന യൂനിറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് യൂനിറ്റ്പൂര്‍ണമായും കത്തി നശിച്ചത്. ഏകദേശം രണ്ടായിരത്തോളം ചതുരശ്രഅടി വലിപ്പമുള്ള ഷെഡ്ഡ് അടുത്തകാലത്ത് ഉയരംകൂട്ടിയിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഈ ഷെഡ്ഡ് നിര്‍മിച്ചതെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകളും പഞ്ചായത്ത് ഓഫിസിലെ കാലപ്പഴക്കം ചെന്ന ഫര്‍ണീച്ചറുകളും കൂട്ടിയിട്ടിരുന്നു. ഇതെല്ലാം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
റീസൈക്ലിങിന് ഉപയോഗിച്ചിരുന്ന മോട്ടറും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.വലിയതോതിലുള്ള കറുത്ത പുകയും തീയും ഉയരുന്നതുകണ്ട് സമീപത്ത് ജോലി ചെയ്തിരുന്നവര്‍ ഓടിയെത്തി തീയണക്കാന്‍ ശ്രമം നടത്തിയിരുന്നു. വിവരമറിഞ്ഞ് പാഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷാഫിയും മറ്റു പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ ഒരു മോട്ടറില്‍ നിന്നും വെള്ളമൊഴിച്ച് തീയണക്കുവാന്‍ ശ്രമം നടത്തി.
ഇതിനിടയില്‍ പെട്ടെന്ന് തീ ആളി കത്തിയതോടെ ഷെഡ്ഡ് പൂര്‍ണമായും കത്തിയമരുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."