ശുചീകരണത്തിനു ശേഷവും ചാലച്ചിറത്തോട് ദുര്‍ഗന്ധപൂരിതം
ചങ്ങനാശേരി: ജലാശയങ്ങളിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി കോട്ടയം ജില്ലയിലെ മുഴുവന്‍ ജലാശയങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ദിവസം ചാലച്ചിറതോട് ശുചീകരിക്കുന്ന പദ്ധതി ചെയ്തത്. ശുചീകരണത്തിന്റെ പേരില്‍ തോടിന്റെ പടവുകളിലെ കുറെപുല്ലുകള്‍ മാത്രമെ ചിലവഴിച്ചുള്ളുവെന്ന് നാട്ടുകാര്‍.
അതേ സമയം തോട്ടിലെ വെള്ളം കറുത്തിരുണ്ട് കരിഓയില്‍ പോലെയായിരിക്കുകയാണ്. ഇതോടൊപ്പം അതിരൂക്ഷമായ ദുര്‍ഗന്ധമാണ് തോട്ടില്‍ നിന്നും ഉയരുന്നത്. ഇത് സമീപവാസികള്‍ക്കും കച്ചവടക്കാര്‍ക്കും ഓട്ടോറിക്ഷതൊഴിലാളികള്‍ക്കും വഴിയാത്രക്കാര്‍ക്കും അസഹനീയമായി തീരുന്നു. കഴിഞ്ഞ വര്‍ഷം ഇതുപോലെ ദുര്‍ഗന്ധമുണ്ടായപ്പോഴും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുറെ കുമ്മായചാക്കുകള്‍ തോട്ടില്‍ തള്ളി അധികാരികള്‍ ജനങ്ങളെ വിഢികളാക്കിയിരുന്നു.
ചാലച്ചിറ തോടിന്റെ പേരില്‍ പല ജനപ്രതിനിധികളും ഫണ്ട് അനുവദിക്കുന്നുവെന്ന് പറയുന്നതല്ലാതെ ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.തോട്ടില്‍ അടിയൊഴുക്ക് പൂര്‍ണ്ണമായും ഇല്ലാതായതാണ് മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് തോട് ചീഞ്ഞുനാറുന്നതിന് കാരണമായിരിക്കുന്നത്. കല്ലുകടവ് ഭാഗത്ത് തോട്ടിലേക്ക് ചീങ്ക ഇടിഞ്ഞിറങ്ങിയതാണ് അടിയൊഴുക്ക് പൂര്‍ണ്ണമായും തടയാന്‍ കാരണം. ഇത് പൊട്ടിച്ചുമാറ്റാതെ അടിയൊഴുക്ക് പുനസ്ഥാപിക്കാന്‍ കഴിയില്ല.
തരിശായി കിടക്കുന്ന കരിക്കണ്ടം പാടത്ത് കൃഷി ഇറക്കുകയും ചാലച്ചിറ തോട് ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഴംകൂട്ടുകയും ചെയ്താല്‍ മാത്രമേ തോടിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ കഴിയുവെന്നും അതിന് ത്രിതല പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നും തോട്ടിലേക്കിറങ്ങിക്കിടക്കുന്ന ചീങ്ക പൊട്ടിച്ചുമാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."