പിലിക്കോട്ടെ സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിതകാര്യാലയങ്ങളാകുന്നു
ചെറുവത്തൂര്‍: പിലിക്കോട് പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും ഹരിതകാര്യാലയങ്ങളാകുന്നു. ഓഫിസ് സംവിധാനങ്ങളും പരിസരവും പരമാവധി പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം. ഊര്‍ജസംരക്ഷണത്തിനായി നടപ്പാക്കിയ ഊര്‍ജയാനം പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്.
പരിസ്ഥിതി ദിനത്തില്‍ എല്ലാ ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ വിളംബരം നടത്തും. അതോടൊപ്പം നാട്ടുമാവ് പദ്ധതിയുടെ ഭാഗമായി നാട്ടുമാവ് വച്ചു പിടിപ്പിക്കും. ഇതിനായി 10,000 തൈകള്‍ ഒരുക്കിയിട്ടുണ്ട്.
ഊര്‍ജയാനം പദ്ധതിയുടെ ഭാഗമായി നിലവിലുള്ള എല്ലാ വൈദ്യുത ബള്‍ബുകളും തിരിച്ചെടുത്ത് എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഊര്‍ജം കൂടുതലായി വേണ്ടി വരുന്ന ഫാനുകള്‍ ഒഴിവാക്കി ഫൈവ് സ്റ്റാര്‍ ഫാനുകള്‍ നല്‍കും. ഇതിനായി ആയിരത്തോളം ഫാനുകള്‍ ആദ്യഘട്ടത്തില്‍ നല്‍കും.
ജൂണ്‍ അഞ്ചിനു മുമ്പ് തന്നെ പദ്ധതി പൂര്‍ത്തീകരിക്കും. പഞ്ചായത്ത് ഘടക സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, എന്നിവിടങ്ങളില്‍ സൗരഗ്രാമ പ്രഭയുടെ ഭാഗമായി അനര്‍ട്ടിന്റെ സഹകരണത്തോടെ സൗര വൈദ്യുതി പദ്ധതി നടപ്പാക്കും.
ഇന്ന് ഉച്ചയ്ക്ക് മൂന്നിനു പടുവളം ബ്ലോക്ക് ഹാളില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 1.30ന് പരിസര ശുചിത്വപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ക്ലാസും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍, പി. ശൈലജ, കുഞ്ഞിരാമന്‍, എം.കെ നാരായണന്‍ കുട്ടി, വി.പി രാജീവന്‍, കെ. പ്രഭാകരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."