നീലേശ്വരത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് തുടക്കം: ഇ.എം.എസ് സ്റ്റേഡിയത്തിനു ഇന്നു തറക്കല്ലിടും
നീലേശ്വരം: നീലേശ്വരത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ഇന്നു തുടക്കമാകും. നിര്‍ദിഷ്ട ഇ.എം.എസ് സ്റ്റേഡിയത്തിന്റെ തറക്കല്ലിടല്‍ ഇന്നു നടക്കും. വൈകീട്ട് അഞ്ചിനു കായിക യുവജനക്ഷേമ മന്ത്രി എ.സി മൊയ്തീന് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്, പി. കരുണാകരന് എം.പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി കിഫ്ബി മുഖേന 17.04 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ഇതിനായി ബ്ലോക്ക് ഓഫിസിന് എതിര്‍വശം ഏഴേക്കര്‍ സ്ഥലം കൈമാറിക്കഴിഞ്ഞു. സ്വാഭാവിക പ്രതലത്തോടു കൂടിയ ഫുട്ബോള്‍ കളിസ്ഥലം, ആറ് ലെയ്നുകള്‍ ഉള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഗാലറി സൗകര്യത്തോടു കൂടിയ സിന്തറ്റിക് ബാസ്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്നു നിലകളുള്ള പവലിയന് കെട്ടിടം, നീന്തല്‍ക്കുളം എന്നിവ സ്റ്റേഡിയത്തിന്റെ ഭാഗമായുണ്ടാകും.
കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള വെയ്ല്‍സ് എന്‍ജിനീയറിങ് കോണ്‍ട്രാക്ടിങ് കമ്പനിയാണ് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന കായിക-യുവജന മന്ത്രാലയത്തിനു കീഴിലുള്ള പൊതുമരാമത്ത് വിഭാഗത്തിനാണ് മേല്‍നോട്ട ചുമതല. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കു സ്റ്റേഡിയം നീലേശ്വരം നഗരസഭയ്ക്കു കൈമാറും. തുടര്‍ന്നുള്ള വരവുചെലവുകള്‍ നഗരസഭയാണ് വഹിക്കേണ്ടത്. ഇതു സംബന്ധിച്ച കരാറില്‍ ഇതിനകം ഒപ്പിട്ടിട്ടുണ്ട്. കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരാണ് ഇ.എം.എസ് സ്റ്റേഡിയം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീടു വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടില്ല.
വീണ്ടും ഇടതുമുന്നണി അധികാരത്തിലെത്തിയതോടെയാണ് സ്റ്റേഡിയം നിര്‍മാണത്തിനു ജീവന് വച്ചത്. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്, എം. രാജഗോപാലന്‍ എം.എല്‍.എ എന്നിവരുടെ ശ്രമവും ഇതിനു പിന്നിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പരിശീലനം നടത്താന്‍ കഴിയാതെ വിഷമിക്കുന്ന കായിക താരങ്ങള്‍ക്ക് ഏറെ ആശ്വാസമാകും ഈ സ്റ്റേഡിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."