എല്‍.പി.എസ്.എ നിയമനം: ഉദ്യോഗാര്‍ഥികളെ രണ്ടു തട്ടിലാക്കി പി.എസ്.സിയുടെ അഭിമുഖം
നിപ വൈറസ് ഭീതിക്കിടയില്‍ കോഴിക്കോട്ട് അഭിമുഖം നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധം
ചെറുവത്തൂര്‍: ഒരേ തസ്തികയിലേക്കുള്ള നിയമനത്തിന് പി.എസ്.സിക്ക് രണ്ടുനീതി. ജില്ലയില്‍ പി.എസ്.സിയുടെ എല്‍.പി.എസ്.എ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട പകുതിയോളം പേര്‍ക്കുള്ള അഭിമുഖം കോഴിക്കോട്ട് നടത്താനുള്ള തീരുമാനം ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. മുന്‍കാലങ്ങളില്‍ അതാതു ജില്ലകളിലായിരുന്നു അഭിമുഖം നടത്തിയിരുന്നത്. എന്നാല്‍ ഇക്കുറി പകുതിയോളം പേര്‍ക്ക് കോഴിക്കോട് റീജ്യണല്‍ ഓഫിസില്‍ അഭിമുഖം നടക്കുമെന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്.
നിപാ വൈറസ് ഭീതി കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ പേരുടെയും അഭിമുഖം കാസര്‍കോട് തന്നെ നടത്തണമെന്നതാണ് ആവശ്യം. ജില്ലയില്‍ മെയിന്‍ലിസ്റ്റില്‍ 298 പേരാണുള്ളത്.
സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കി അഭിമുഖം ഇന്നലെ മുതല്‍ കാസര്‍കോട് പി.എസ്.സി ജില്ലാ ഓഫിസില്‍ ആരംഭിച്ചു കഴിഞ്ഞു. ജൂണ്‍ ഒന്നുവരെയുള്ള അഭിമുഖം ഇവിടെ നടത്താനാണ് തീരുമാനം. ശേഷിക്കുന്നവര്‍ക്കുള്ള അഭിമുഖം ജൂണ്‍ ആറുമുതല്‍ കോഴിക്കോട് നടത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
രാവിലെ 9.30മുതല്‍ അഭിമുഖത്തിനുള്ള നടപടികള്‍ ആരംഭിക്കുന്നുവെന്നതിനാല് ഒരു ദിവസം മുന്‍പു തന്നെ ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് എത്തി താമസിക്കേണ്ടിവരും. ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഇതു വലിയ പ്രയാസം സൃഷ്ടിക്കും. ജില്ലയില്‍ നിരവധി ഒഴിവുകള്‍ ഉള്ളതിനാല്‍ സ്കൂളുകള്‍ തുറന്നു അധികം വൈകാതെ അധ്യാപകരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ അഭിമുഖം ക്രമീകരിച്ചതെന്ന അറിയിപ്പാണ് പി.എസ്.സിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്നത്.
എന്നാല്‍ നിപാ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഭിമുഖം പുനഃക്രമീകരിച്ചു കാസര്‍കോട് ജില്ലയില്‍ തന്നെ നടത്തണമെന്ന ആവശ്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."