ജെട്ടി നിര്‍മാണം ഇനിയും തുടങ്ങിയില്ല; കരാറുകാരന്റെ അനാസ്ഥയെന്ന് ആരോപണം
തൃക്കരിപ്പൂര്‍: കാലവര്‍ഷം പടിവാതില്ക്കലെത്തിയിട്ടും കടത്തു തോണിയില്‍ കയറാനുള്ള ജെട്ടി നിര്‍മാണം ആരംഭിച്ചില്ല. തൃക്കരിപ്പൂര്‍ കടപ്പുറം മാടക്കാല്‍ കടത്ത് തുടങ്ങുന്ന തൃക്കരിപ്പൂര്‍ ഭാഗത്തെ ബോട്ട് ജെട്ടി അപകടാവസ്ഥയിലാണ്. മാടക്കാല്‍ ഭാഗത്താണെങ്കില്‍ ബോട്ട് ജെട്ടിയില്ല. കാലവര്‍ഷം വരുന്നതിനു മുന്നോടിയായി പഞ്ചായത്തധികൃതര്‍ ബോട്ട് ജെട്ടി നിര്‍മിക്കുമെന്നാണ് കരുതിയത്.
എന്നാല്‍ അതിനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. നിലവില്‍ സര്‍വിസ് നടത്തുന്ന തോണിയാണെങ്കില്‍ സുരക്ഷിതമായ അവസ്ഥയിലല്ല. മാസങ്ങള്‍ക്ക് മുന്‍പ് 3.5 ലക്ഷത്തിന് കരാര്‍ നടപടി പൂര്‍ത്തിയായെങ്കിലും കരാറുകാരന് നിര്‍മാണ പ്രവൃത്തി തുടങ്ങാതെ നീട്ടുകയാണ് ചെയ്യുന്നത്. ജീവന് പണയം വെച്ചാണ് കുട്ടികളും സ്ത്രീകളും തകര്‍ന്ന ജെട്ടിയിലൂടെ കടത്തു വള്ളത്തില്‍ കയറുന്നത്. വളരെ ആഴക്കൂടുതലുള്ള ഭാഗമാണിത്.
അതേസമയം, കടത്തുവള്ളവും ബോട്ടുജെട്ടിയും ഏതുസമയത്തും അപകടമുണ്ടാകാമെന്ന് 'സുപ്രഭാതം' ആറുമാസം മുന്‍പ് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെട്ടിക്ക് 3.5 ലക്ഷം രൂപ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."