പാനൂരില്‍ വാഹന തട്ടിപ്പ് സംഘം പിടിയില്‍
പാനൂര്‍: വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് അന്യസംസ്ഥാനത്തെത്തിച്ച് പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘം പാനൂരില്‍ പിടിയിലായി. ഇരിട്ടി മുണ്ടയാംപറമ്പ് സ്വദേശി വെട്ടിക്കല്‍ വീട്ടില്‍ അനീഷ് തോമസ്(31), ആറളം വീര്‍പ്പാടിലെ ഉള്ളാടപ്പള്ളിയില് അനുരാജ്(30) എന്നിവരെയാണ് പാനൂര്‍ സി.ഐ വി.വി ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചമ്പാട് പ്രിയാ നിവാസില്‍ പ്രിയങ്കിന്റെ പരാതിയില്‍ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് ചമ്പാട്ടെ പ്രിയങ്ക് വിദേശത്തുനിന്ന് എത്തുന്ന ആളുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് കാര്‍ വാടകക്കെടുത്തത്. ഇത് അനീഷിന് കൈമാറിയെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ കാര്‍ മൈസൂരില്‍ കടത്തി പണയപ്പെടുത്തിയതായി തിരിച്ചറിഞ്ഞു. തളിപ്പറമ്പ്, പയ്യാവൂര്‍, ആലക്കോട്, ശ്രീകണ്ഠപുരം സ്റ്റേഷന് പരിധികളിലായി നിരവധി വാഹന തട്ടിപ്പുകള്‍ സംഘം നടത്തിയതായാണ് സൂചന. ഒന്‍പതോളം വാഹനങ്ങള്‍ തട്ടിയെടുത്തതായി വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് സംഘം പിടിയിലായതോടെ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിയതായും സൂചനയുണ്ട്. മൈസൂരിലുള്ള ഏജന്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പ്രിയങ്കിന്റെ പരാതിയില്‍ നഷ്ടപ്പെട്ട വാഹനത്തിനായി പൊലിസ് കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. വാഹന തട്ടിപ്പ് വഴി ലഭിക്കുന്ന പണംകൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന സംഘങ്ങള്‍ പ്രതിരോധത്തിനായി ക്വട്ടേഷന്‍ സംഘങ്ങളെ വരെ നിര്‍ത്തുന്നതായും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പിടിയിലായവര്‍ക്ക് പുറമെ നിരവധി കണ്ണികള്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതായും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."