ആശങ്കയല്ല, കരുതലാണ് വേണ്ടത്
കണ്ണൂര്‍: നിപാ വൈറസിനെതിരേ ജാഗ്രതാ സന്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. സംസ്ഥാനസര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന 'പൊന്‍കതിര്‍' മെഗാ എക്‌സിബിഷനിലാണ് ജാഗ്രതാ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പവലിയനില്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ മാതൃകയുടെ സമീപം മൂന്നു ബോര്‍ഡുകളിലാണ് ജാഗ്രതാനിര്‍ദേശങ്ങള്‍ ഉള്ളത്. നിപാ വൈറസിനെ കുറിച്ച് ഭയമല്ല വേണ്ടതെന്നും ജാഗ്രതയാണ് ഉണ്ടാകേണ്ടതെന്നും ആരോഗ്യവകുപ്പ് പറയുന്നു. വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍, വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വൈറസ് പകരുന്നത് ഏതെല്ലാം മാര്‍ഗത്തിലൂടെയാണ് തുടങ്ങിയ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വൈറസ് പടരുന്നതിന്റെ ഗ്രാഫിക്കല്‍ ചിത്രീകരണവും ഇവിടെ കാണാം. നിപാ വൈറസിന്റെ ലഘുചരിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പക്ഷികളോ മൃഗങ്ങളോ കടിച്ചതിന്റെ ബാക്കി പഴങ്ങള്‍ കഴിക്കാതിരിക്കുക, മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക, രോഗികളെ പരിചരിക്കുമ്പോള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക, രോഗികളില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക, സോപ്പ്, ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക, വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കുക എന്നിവയാണ് നിപാ വൈറസിനെ പ്രതിരോധിക്കാനായി ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍. പരിഭ്രാന്തരാകുകയോ പേടിക്കുകയോ അല്ല വേണ്ടതെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് പറയുന്നു. നിപാ വൈറസുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഔദ്യോഗികമായ വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."