വവ്വാല്‍ കിണറ്റില്‍ വീണു; പത്തു വീട്ടുകാരുടെ കുടിവെള്ളം മുട്ടി
തലശ്ശേരി: നിപാ വൈറസ് ഉയര്‍ത്തിയ ഭീഷണി പത്ത് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. പറക്കുന്നതിനിടെ വവ്വാല്‍ കിണറ്റില്‍ വീണതാണു പൊന്ന്യം പ്രദേശത്ത് പൊല്ലാപ്പായത്.
പൊന്ന്യം പുലരി വായനശാലയ്ക്കു സമീപം കൂരാഞ്ചി സരോജിനിയുടെ വീട്ടു കിണറ്റിലാണു പനി മരണങ്ങളുടെ അന്തകന്‍ എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കുന്ന വവ്വാല്‍ വീണത്.
ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കിണറ്റില്‍ നിന്നു ചിറകടിയൊച്ച വീട്ടുകാര്‍ കേട്ടത്. ഇതോടെ വവ്വാലാണു കിണറ്റിലകടപ്പെട്ടതെന്നു കണ്ടെത്തിയതോടെ വീട്ടുകാര്‍ പരിഭ്രമിക്കുകയായിരുന്നു.
മരണ വെപ്രാളത്തോടെ വവ്വാല്‍ പിടയുന്നതു കണ്ട വീട്ടുകാര്‍ സംഭവം സമീപവാസികളെയും അറിയിച്ചു. ആളുകള്‍ എത്തുന്നതിനിടെ വവ്വാല്‍ സ്വയം കിണറ്റില്‍ നിന്നു കയറി പറന്നുപോവുകയും ചെയ്തു. വവ്വാല്‍ വീണ സരോജിനിയുടെ കിണറ്റില്‍ നിന്നാണു പരിസരത്തെ പത്തിലേറെ വീട്ടുകാര്‍ കുടിവെള്ളം ശേഖരിക്കുന്നത്. വവ്വാല്‍ വീണ കിണറ്റില്‍ നിന്നു വെള്ളം ശേഖരിക്കരുതെന്നു നാട്ടുകാര്‍ പറഞ്ഞു ഭയപ്പെടുത്തിയതോടെ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടുകയായിരുന്നു.
ഇനിയും വവ്വാല്‍ വീഴാതിരിക്കാന്‍ കിണറിനു വല കെട്ടി സംരക്ഷിക്കുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കതിരൂര്‍ പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി ബ്ലീച്ചിങ് പൗഡര്‍ കിണറില്‍ ഇട്ടശേഷം വെള്ളം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ നിപാ ഭയത്തിലാഴ്ന്ന നാട്ടുകാര്‍ക്ക് നിര്‍ദേശം ചെവിക്കൊള്ളാനായില്ല. ദൂരെയുള്ള വീട്ടില്‍ നിന്നാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."