കേരളത്തിലെ നിര്‍മാണവ്യവസായം നോട്ടുനിരോധനത്തിന് മുന്‍പും പിന്‍പും
ഒരിക്കല്‍ ഒരു നോട്ടീസ് വായിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന മധ്യവയസ്‌കനോടു കാഴ്ചപരിശോധിക്കുന്ന റിഫ്രാക്്ഷനിസ്റ്റ് പറഞ്ഞു: ''നിങ്ങളുടെ ബുദ്ധിമുട്ട് മാറ്റാന്‍ ഒരു നല്ല കണ്ണട വച്ചാല്‍ മതി. നാളെ നിങ്ങള്‍ എന്റെ ക്ലിനിക്കിലേക്കു വരൂ. നമുക്ക് പരിശോധിക്കാം.''
അപ്പോള്‍ മധ്യവയസ്‌കന്‍ ചോദിച്ചു: ''കണ്ണടവച്ചാല്‍ വായിക്കാന്‍ പറ്റുമെന്ന് ഉറപ്പാണോ.'' റിഫ്രാക്്ഷനിസ്റ്റ് പറഞ്ഞു: ''അതേ, ഉറപ്പാണ.്'' പിറ്റേദിവസം സന്തോഷത്തോടെ ക്ലിനിക്കിലെത്തിയ മധ്യവയസ്‌കനെ റിഫ്രാക്്ഷനിസ്റ്റ് തിരിച്ചറിയുകയും പരിശോധനയ്ക്കു കാത്തുനില്‍ക്കുന്നവരുടെ ഇടയില്‍നിന്ന് അദ്ദേഹത്തെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.
ട്രയല്‍ ഫ്രെയിമില്‍ ലെന്‍സ് വച്ചു മുന്നില്‍ കാണുന്ന അക്ഷരങ്ങള്‍ വായിക്കാന്‍ പറഞ്ഞു. അദ്ദേഹത്തിനു വായിക്കാന്‍ പറ്റുന്നില്ല. ലെന്‍സുകള്‍ വീണ്ടും വീണ്ടും മാറ്റിവച്ചു. വായിക്കാന്‍ പറ്റുന്നില്ല. റിഫ്രാക്ഷനിസ്റ്റിന്റെ കൈയിലുള്ള എല്ലാ ലെന്‍സുകളും പരീക്ഷിച്ചുകഴിഞ്ഞു.
അവസാനം അദ്ദേഹം ചോദിച്ചു. ''നിങ്ങള്‍ക്ക് എന്നെ കാണാമോ?''
''കാണാം.''
''പിന്നെന്തുകൊണ്ടാണു വായിക്കാന്‍ പറ്റാത്തത്?''
''എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. കണ്ണടവച്ചാല്‍ വായിക്കാന്‍ പറ്റുമെന്ന് നിങ്ങള്‍ പറഞ്ഞതുകൊണ്ടല്ലേ ഞാന്‍ വന്നത്.''
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ ഈ റിഫ്രാക്്ഷനിസ്റ്റിന്റെ ഗതികേടിലാണ്. നോട്ടു നിരോധിച്ചാല്‍ കള്ളപ്പണം പിടിക്കാമെന്ന് അവര്‍ പറഞ്ഞതു ശരിയാണ്. അതിനു കള്ളപ്പണമുണ്ടാവണം. ഇല്ലാത്ത കള്ളപ്പണം പിടിക്കാന്‍ നോട്ടു നിരോധിച്ചപ്പോള്‍ നഷ്ടപ്പെട്ടത് ഒരു രാജ്യത്തിന്റെ സാമ്പത്തികമുന്നേറ്റമാണ്. പ്രഖ്യാപിതലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെന്നതു മാത്രമല്ല, സാമ്പത്തികരംഗത്തു വന്‍തിരിച്ചടിയുമുണ്ടായി.
ഈ നോട്ടുനിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചതു കെട്ടിടനിര്‍മാണ മേഖലയെയാണ്. നോട്ടുനിരോധനത്തോടെ പുരയിടങ്ങളുടെ ക്രയവിക്രയം ഇല്ലാതായി. മൂന്നുസെന്റും അഞ്ചുസെന്റും സ്ഥലം വാങ്ങി ഒരു ചെറിയ വീടുവച്ചു വില്‍ക്കുന്ന അനേകം ചെറിയ ബില്‍ഡര്‍മാര്‍ രംഗത്തുനിന്നു നിഷ്‌കാസിതരായി. കടുത്ത സാമ്പത്തികനിയന്ത്രണം ജനങ്ങളില്‍ പേടിയുണ്ടാക്കിയതു കൊണ്ടു വില്ലകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ഉപഭോക്താക്കള്‍ ഇല്ലാതായി. ഫ്‌ളാറ്റുകളുടെ കച്ചവടം നിന്നു.
ആഴ്ചയില്‍ കൂലികൊടുക്കാനാവശ്യമായ പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥവന്നു. മിക്ക ഇതരസംസ്ഥാന തൊഴിലാളികളും ബാങ്ക് ഇടപാടുകള്‍ അറിയാത്തവരാണ്. പണമായി വേതനം ലഭിക്കാത്തതുകൊണ്ട് ഒന്നര ലക്ഷത്തോളം പേര്‍ സ്വന്തം നാട്ടിലേക്കു പോയി. അതുകൊണ്ടു ഭവനനിര്‍മാണത്തിനു തൊഴിലാളികളെ കിട്ടാതായി. പൊതുവേ ദുര്‍ബല, പോരാത്തതിനു ഗര്‍ഭിണിയുമെന്നു പറഞ്ഞപോലെയായി നിര്‍മാണരംഗം. ഇതു നോട്ടുനിരോധനത്തിനു ശേഷമുള്ള സ്ഥിതി.
നോട്ട് നിരോധനത്തിനു മുന്‍പു തന്നെ നിര്‍മാണമേഖല ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. അതികഠിനമായ നിയമങ്ങളും നിയന്ത്രണങ്ങളും നിരോധനങ്ങളും ഈ രംഗത്തു വലിയ പ്രയാസം സൃഷ്ടിച്ചു. നിര്‍മാണസാമഗ്രികളുടെ അതിരൂക്ഷമായ വിലക്കയറ്റവും സിമന്റ് നിര്‍മാണക്കമ്പനികള്‍ ഒരു തത്വദീക്ഷയുമില്ലാതെ വില വര്‍ധിപ്പിച്ചതും ഈ മേഖലയെ മന്ദഗതിയിലാക്കി.
അയല്‍ സംസ്ഥാനത്ത് ഒരു ചാക്കു സിമന്റിനു 340 രൂപയുള്ളപ്പോള്‍ കേരളത്തില്‍ 400 രൂപയ്ക്കു മുകളിലാണ്. സിമന്റ് നിര്‍മാതാക്കളുടെ സംഘടനയാണു വിലനിലവാരം നിശ്ചയിക്കുന്നത്. കുത്തകകള്‍ ഒന്നിച്ചുചേര്‍ന്നു വില നിശ്ചയിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നിയന്ത്രണമുണ്ടാകുന്നില്ല.
കരിങ്കല്‍ ക്വാറികളുടെ കാര്യത്തിലുണ്ടായ കോടതി വിധികളും നിയന്ത്രണങ്ങളും സാധാരണക്കാരന്റെ ഭവനനിര്‍മാണം പോലും പ്രയാസമുള്ളതാക്കി. അസ്ഥിവാരമിടാനുള്ള കല്ല്, എംസാന്റ്, മെറ്റല്‍ തുടങ്ങിയ ക്വാറി ഉല്‍പന്നങ്ങളുടെ ലഭ്യത കുറയ്ക്കാനും വിലവര്‍ധിപ്പിക്കാനും ഈ നിയന്ത്രണം കാരണമായി. അതോടൊപ്പം ജിയോളജി ഉദ്യോഗസ്ഥരുടെയും പൊലിസിന്റെയും ക്ഷന്തവ്യമല്ലാത്ത വാഹനപരിശോധനയും സ്ഥിതി രൂക്ഷമാക്കി. ടിപ്പര്‍ ലോറി തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയതിന്റെ കാരണമിതാണ്.
വിശപ്പിനേക്കാളും അടിസ്ഥാന ആവശ്യങ്ങളേക്കാളും പ്രാധാന്യം ചിലപ്പോഴെങ്കിലും പരിസ്ഥിതിക്കു നല്‍കുന്ന വ്യാജപരിസ്ഥിതിവാദികള്‍ നിര്‍മാണം നടക്കുന്നിടത്തു ഫ്‌ളക്‌സ് ബോര്‍ഡുകള്‍വച്ചു നിര്‍മാണത്തിനെതിരേ പ്രചാരണം നടത്തുകയും ഭാരിച്ച സംഖ്യ വാങ്ങി പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്യുന്ന ദ്രോഹം ചെറുതല്ല. നിര്‍മാണവ്യവസായത്തില്‍ മുതല്‍ മുടക്കിയവര്‍ പിന്‍വലിയാനുണ്ടായ പ്രധാനകാരണം ഇതാണ്.
മണലിന്റെ നിയന്ത്രണവും നിരോധനവും മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ കുറിമാനങ്ങള്‍ തുടങ്ങിയ നിരവധി തടസ്സങ്ങള്‍ കേരളത്തിലെ നിര്‍മാണമേഖലയെ പൊറുതിമുട്ടിക്കുകയാണ്. കാര്‍ഷികമേഖലയില്‍നിന്നും വ്യവസായരംഗത്തുനിന്നും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്നും അന്നം നല്‍കുന്നതു കെട്ടിടനിര്‍മാണമേഖലയാണ്. ഒരു കെട്ടിടത്തിനു നിര്‍മാണാനുമതി ലഭിക്കണമെങ്കില്‍ അനേകം കടമ്പകളാണു കടക്കേണ്ടത്. അനേകം സമ്മതപത്രങ്ങള്‍, മലിനീകരണ ബോര്‍ഡ്, ഫയര്‍ ഡയറക്ടറേറ്റ്, നാഷണല്‍ ഹൈവേ, പരിസ്ഥിതി മന്ത്രാലയം, റെയില്‍വേ, മലയോര സംരക്ഷണം തുടങ്ങിയവയുടെ നിരാക്ഷേപ പത്രങ്ങള്‍! ഇവയെല്ലാം സംഘടിപ്പിച്ചു ചെന്നാല്‍ തദ്ദേശസ്വയംഭരണ കാര്യാലയങ്ങളില്‍നിന്ന് അനുമതി കിട്ടണമെങ്കില്‍ ഉദ്യോഗസ്ഥന്‍മാരുടെ തടസ്സവാദങ്ങള്‍ വേറെയും മറികടക്കണം.
വില്‍പന നികുതി, ആഡംബര നികുതി, സേവന നികുതി തുടങ്ങിയ നികുതി ഭാരങ്ങള്‍, നോക്കുകൂലി അട്ടിമറി തുടങ്ങിയ തൊഴിലാളി ഭീകരതകള്‍ ഇതിനൊക്കെ പുറമെ നിര്‍മാണ സാമഗ്രികളുടെ അമിതമായ വിലവര്‍ധനവും!
പരിസ്ഥിതി സംബന്ധിച്ചുള്ള വികല നിയമങ്ങളുടെയും ഉത്തരവുകളുടെയും ഉദ്യോഗസ്ഥ വ്യാഖ്യാനങ്ങള്‍, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍, അതിനോടനുബന്ധിച്ചു സര്‍ക്കാര്‍തലത്തിലുള്ള അവ്യക്തതകള്‍ ഇവയൊക്കെ നിര്‍മാണരംഗം നിര്‍ജീവമാകാനുള്ള കാരണങ്ങളാണ്. വര്‍ഷങ്ങളോളം കൃഷിയിറക്കാത്ത നഗരപ്രദേശത്തെ ഊഷരഭൂമികള്‍പോലും തരംതിരിച്ചു ഡാറ്റാബാങ്കില്‍ പ്രസിദ്ധീകരിച്ചതു പുഞ്ച, നഞ്ച എന്നൊക്കെയാണ്.
കേവലം 50 കിലോമീറ്റര്‍ വീതി മാത്രമുള്ള നമ്മുടെ സംസ്ഥാനത്തു തീരദേശവും കാര്‍ഷി ക ഭൂമിയും വനമേഖലയും പുഴയോരങ്ങളും മാറ്റിവച്ചാല്‍ ഭൂമിയുടെ നാല്‍പതു ശതമാനം മാത്രമാണു നിര്‍മാണത്തിന് അനുയോജ്യമായിട്ടുള്ളത്. ഇതിലാണ് ഇക്കണ്ട നിയമങ്ങളും നിരാക്ഷേപ പത്രങ്ങളും കൊണ്ടു പൊറുതിമുട്ടിക്കുന്നത്.
ഈ സാഹചര്യത്തിലാണ് നമ്മുടെ ബജറ്റിനെ ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷയോടെ നോക്കിയിരുന്നത്. എന്നാല്‍, നിര്‍ജീവമായ ഈ മേഖലയെ സജീവമാക്കുന്ന ഒരു നിര്‍ദേശവും ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റിലുണ്ടായിരുന്നില്ല. അനുദിനം വിലവര്‍ധിച്ചുകൊണ്ടിരിക്കുന്ന സിമന്റ്, ക്വാറി ഉല്‍പന്നങ്ങള്‍, മറ്റു നിര്‍മാണസാമഗ്രികള്‍ എന്നിവയുടെ വില നിയന്ത്രിക്കാനുള്ള ഒരു നീക്കവും ബജറ്റില്‍ ഉണ്ടായില്ല.
നിര്‍മാണസാമഗ്രികളുടെ വിലനിലവാരം നിയന്ത്രിക്കാനുള്ള സംവിധാനം സര്‍ക്കാര്‍തലത്തിലുണ്ടാവണം. ഖനന കേന്ദ്രങ്ങളില്‍നിന്നും ക്രഷറുകളില്‍ നിന്നും പുറത്തുവരുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതുണ്ട്. നിര്‍മാണരംഗത്ത് അടിക്കടിയുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധരാകണം. കാരണം, കേരളത്തിലെ അടിസ്ഥാനവര്‍ഗത്തിന് അന്നംനല്‍കുന്ന മേഖലയാണു നിര്‍മാണരംഗം. ഇത് ഒരു വ്യവസായമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കുകയും പ്രത്യേക മന്ത്രാലയം ഉണ്ടാക്കാന്‍ കഴിയുമോയെന്ന് ആലോചിക്കുകയും വേണം.
(ലെന്‍സ് ഫെഡ് മുന്‍ സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."