മുക്കം മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
മുക്കം: നഗരസഭയിലെ പത്താം ഡിവിഷന്‍ ഉള്‍പ്പെടുന്ന വട്ടോളി പറമ്പിനടുത്ത് കാപ്പുമലയില്‍ ആരംഭിച്ച ക്വാറി ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരേ ക്വാറി ക്രഷര്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മുക്കം മുനിസിപ്പല്‍ ഓഫിസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി.
ഇന്നലെ രാവിലെ 10.30ന് നടന്ന മാര്‍ച്ച് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് വച്ചു പൊലിസ് തടഞ്ഞു. കോരിച്ചൊരിയുന്ന മഴയ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിയാളുകള്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കാളികളായി.
തോട്ടഭൂമിയില്‍ ഖനനം പാടില്ലെന്ന നിര്‍ദേശം അവഗണിച്ച് ക്വാറിക്കു ക്രഷറിനും മുനിസിപ്പല്‍ അധികൃതര്‍ നല്‍കിയ അനുമതി പുനഃപരിശോധിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ക്വാറിയുടെ പ്രവര്‍ത്തനത്തിന് മുനിസിപ്പാലിറ്റി അധികൃതരും റവന്യൂ വകുപ്പു കൂട്ടുനില്‍ക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. വട്ടോളി ദേവീക്ഷേത്രത്തിന് മുകളിലായുള്ള മലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയും ക്രഷറും ക്ഷേത്രത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായതായി സമരക്കാര്‍ ആരോപിച്ചു. കൊച്ചു കുട്ടികള്‍ പഠിക്കുന്ന രണ്ടു സ്‌കൂളുകള്‍ക്കു മുത്തേരി, വട്ടോളിപ്പറമ്പ്, എറുവാട്ടുപാറ, തടപ്പറമ്പ്, പെരുമ്പടപ്പ്, തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങളും ക്രഷറിന്റെയും ക്വാറിയുടെയും ഭീഷണിയിലാണ്.
മാര്‍ച്ചും ധര്‍ണയും പ്രകൃതിമിത്ര അവാര്‍ഡ് ജേതാവ് ദാമോദരന്‍ കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എടക്കാട്ടുപറമ്പില്‍ മോഹന്‍ദാസ് അധ്യക്ഷനായി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.ടി സുലൈമാന്‍, രജിത കുപ്പോട്ട്, ഇ.പി അരവിന്ദന്‍, കോണ്‍ഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് എന്‍.പി ശംസുദ്ദീന്‍, പരിസ്ഥിതി സംരക്ഷണ സമിതി മേഖലാ കോഡിനേറ്റര്‍ ജി. അജിത്കുമാര്‍, വേനപ്പാറ ക്വാറി ക്രഷര്‍ വിരുദ്ധ സമിതി കണ്‍വീനര്‍ എം.ടി ജോസഫ്, പ്രസാദ് പെരിങ്ങാട്ട് സംസാരിച്ചു. ശ്രീജു കപേപ്യടത്ത് സ്വാഗതവും സമിതി കണ്‍വീനര്‍ സിദ്ധാര്‍ഥന്‍ കുന്നത്ത് നന്ദിയും പറഞ്ഞു. മാര്‍ച്ചിന് വിശാലാക്ഷി എറുവാട്ട്, ഷാജി എര ഞ്ഞിക്കല്‍, എ. രാധ, ഷോബി കാതോട്, സേതുമാധവന്‍ നായര്‍ കപ്പേടത്ത്, വട്ടോളി പറമ്പില്‍ ശ്രീധരന്‍ നായര്‍, ഇ.പി സുബ്രഹ്മണ്യന്‍, സുജിഷ് കുമാര്‍ ഇ.പി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."