നാദാപുരം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
നാദാപുരം: നാദാപുരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മിനി സിവില്‍ സ്റ്റേഷന്‍ തര്‍ക്കങ്ങളും നിയമ പോരാട്ടങ്ങളും അവസാനിപ്പിച്ചു ഇന്നലെ യാഥാര്‍ഥ്യമായി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഇന്നലെ കല്ലാച്ചിയില്‍ നടന്ന ചടങ്ങില്‍ കെട്ടിടം നാടിനു സമര്‍പ്പിച്ചു. പത്തു വര്‍ഷം മുന്‍പാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
തുടക്കത്തില്‍ സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതു വരെ നീളുകളായിരുന്നു. നാദാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അതിഥി മന്ദിരത്തിനു സമീപത്തെ സര്‍ക്കാര്‍ സ്ഥലത്തു കെട്ടിടം പണിയണമെന്നാവശ്യപ്പെട്ട് നാദാപുരത്തെ രാഷ്ട്രീയ നേതൃത്വവും കല്ലാച്ചിയില്‍ വേണമെന്ന് ഇവിടെയുള്ള രാഷ്ട്രീയ നേതാക്കളും തര്‍ക്കം ഉന്നയിച്ചതോടെയാണ് കോടതിയില്‍ കേസായത്.
ഒടുവില്‍ കല്ലാച്ചിയില്‍ പണിയണമെന്ന് കോടതി വിധി വന്നതോടെ ഉള്ളംനാട്ടില്‍ ക്ഷേത്രത്തിനു സമീപം ദിനേശ് കുറുപ്പ് എന്നയാള്‍ സൗജന്യമായി നല്‍കിയ 26 സെന്റ് സ്ഥലത്ത് കെട്ടിടം പണി കഴിപ്പിക്കുകയായിരുന്നു.
കെട്ടിട നിര്‍മാണത്തിന് രണ്ടു കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. നാദാപുരം കല്ലാച്ചി ടൗണുകളില്‍ പലസ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഇവിടേക്കു മാറുന്നതോടെ നിരന്തരമുള്ള ഓഫിസിലേക്കുള്ള യാത്രകള്‍ ഒഴിഞ്ഞു കിട്ടുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.
കെട്ടിടോദ്ഘാടന വേദിയില്‍വച്ചു സ്ഥലം നല്‍കിയ ദിനേശ് കുറുപ്പിനെ ജില്ലാ കലക്ടര്‍ പൊന്നാടയണിയിച്ചു അനുമോദിച്ചു. നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ അധ്യക്ഷനായി. സി.എച്ച് ബാലകൃഷ്ണന്‍, എം.കെ സഫീറ, അഹ്മദ് പുന്നക്കല്‍, സി.വി കുഞ്ഞികൃഷ്ണന്‍, സി.കെ റീന, വി.സി നിഷ, വി.പി കുഞ്ഞികൃഷ്ണന്‍, സൂപ്പി നരിക്കാട്ടേരി, പി.പി ചാത്തു, അഡ്വ. എ. സജീവന്‍, ടി.കെ രാജന്‍ മാസ്റ്റര്‍, കെ.ടി.കെ ചന്ദ്രന്‍, കരിമ്പില്‍ ദിവാകരന്‍, കെ.പി ഗോപാലന്‍, പി.എം നാണു, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ടി. സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."