നാസയില്‍ മൊട്ടിട്ട പ്രണയത്തിന് കോവളത്ത് സാക്ഷാത്കാരം
കോവളം: നാസയില്‍ മൊട്ടിട്ട വി.ഐ.പി പ്രണയത്തിന് കോവളത്ത് സാക്ഷാത്കാരം. നാസയിലെ അമേരിക്കന്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞയായ തിരുവനന്തപുരം സ്വദേശിനി ലക്ഷ്മിയും അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്വദേശിയും നിയമ വിദഗ്ദനുമായ പീറ്ററും തമ്മിലുള്ള പ്രണയ സാഫല്യത്തിനാണ് കോവളം സാക്ഷ്യം വഹിച്ചത്.
കാട്ടാക്കടയിലെ മുന്‍ എം.എല്‍.എ ശങ്കരന്റെ മകന്‍ ശശി ശങ്കറിന്റെയും ബി.എസ് രമയുടെയും മകളാണ് ശാസ്ത്രജ്ഞയായ ലക്ഷ്മി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇവര്‍ കുടുംബസമേതം അമേരിക്കയിലാണ്. മകളുടെ പ്രണയം അറിഞ്ഞ മാതാപിതാക്കള്‍ എതിര്‍ത്തില്ല. പകരം മകളുടെ വിവാഹം നാട്ടില്‍ വെച്ചാകണമെന്നും കല്യാണം ഹിന്ദു ആചാരപ്രകാരം നടത്തണമെന്നുമുള്ള ആഗ്രഹമാണ് അവര്‍ക്കുള്ളതെന്ന് മനസിലാക്കിയ വരനായ പീറ്ററും കുടുംബവും അതിന്‌സമ്മതം മൂളിയതോടെ ഇരുകുടുംബങ്ങളിലെയും വേണ്ടപ്പെട്ടവരുമായി വരനും വധുവും കഴിഞ്ഞ 19ന് കോവളത്തേക്ക് പറന്നു. കോവളത്തെ കെ.ടി.ഡി.സി ഹോട്ടലില്‍ എത്തിയ ഇവര്‍ക്ക് കല്ല്യാണം നടത്താനുള്ള സൗകര്യങ്ങളും കാര്‍മികത്വം വഹിക്കാനുള്ള പുരോഹിതനെയും തയാറാക്കിയതോടെ കഴിഞ്ഞ ദിവസം കമിതാക്കള്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഇരുവരും വാരണ്യ മാല്യം കൈമാറി.
നാസയിലെ ശാസ്ത്രജ്ഞയായതിനാല്‍ തന്നെ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. സുരക്ഷാകാരണങ്ങളാല്‍ അടുത്ത ബന്ധുക്കളായ അന്‍പതോളം പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. വധൂവരന്‍മാര്‍ നാളെ അമേരിക്കയിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."