മെഡിക്കല്‍ കോളജ് കാംപസില്‍ നടപ്പാത കൈയേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാംപസിലെ പ്രവേശന കവാടത്തിന് ഇരുവശങ്ങളിലുമുള്ള നടപ്പാതകള്‍ കൈയേറി കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ മെഡിക്കല്‍ കോളജ് പൊലിസിന്റെ സഹായത്തോടെയാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ്, സെക്യൂരിറ്റി ഓഫിസര്‍ ബാബു പ്രദീപ് എന്നിവരാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കാംപസിനുള്ളില്‍ ശുചിത്വവും സുരക്ഷയും കാല്‍ നടക്കാര്‍ക്ക് സൗകര്യവും ഒരുക്കുന്നതിനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കിയതെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു. റോഡ് കയ്യേറി കച്ചവടം നടത്തിയിരുന്നത് മൂലം പ്രവേശന കവാടം മുതല്‍ അത്യാഹിത വിഭാഗം വരെ കാല്‍നട യാത്രക്കാര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കേണ്ടി വരുന്നതിനാല്‍ ഗതാഗത തടസവും അപകടവും നിരന്തരം സംഭവിച്ചിരുന്നു. ആംബുലന്‍സുകാര്‍ക്കും കോളജ് ബസ് ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ക്കും യഥാസമയം കാംപസിനുള്ളില്‍ പ്രവേശിക്കാനും കഴിയില്ലായിരുന്നു.
അനധികൃത കച്ചവടം മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ കാംപസ് വൃത്തിഹീനമാക്കുന്നതിനും ഡ്രെയിനേജും ഓടകളും ബ്ലോക്ക് ആകുന്നതിനും എലികളും തെരുവ് നായ്ക്കളും പെരുകുന്നതിനും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും കാരണമാകാറുണ്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ ആഹാരം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ക്കും കാരണമായ പശ്ചാത്തലത്തിലാണ് ഈ നടപടി.
കോളജ് അധികൃതരുടെ ഈ നടപടിക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പിന്തുണയും അഭിനന്ദനവും ലഭിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ് പറഞ്ഞു. കാംപസ് ഇതേരീതിയില്‍ കൊണ്ടുപോകാന്‍ എല്ലാവരുടെ പിന്തുണയും സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.
ഇതോടൊപ്പം കാംപസില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കാംപസിനുള്ളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവയും നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."